വേനല്‍ മേഘങ്ങള്‍
Posted on 18. Nov, 2009 by സേതുലക്ഷ്മി in Stories
നേരം പുലര്‍ന്ന് തുടങ്ങുന്നതേയുള്ളൂ. വെളുപ്പാംകാലത്തിന്റെ കുളിര്‍മ പ്രസരിപ്പിച്ചുകൊണ്ട് ഇളംകാറ്റ് ആ ചാപ്പലിന്റെ ഇടുങ്ങിയ വാരാന്തയിലൂടെ വീശിയടിക്കുന്നുണ്ട്. അടുത്തെടിവിടെയോ പൂത്തുലഞ്ഞ മുല്ലപ്പൂവിന്റെ സുഗന്ധം കാറ്റില്‍ ലയിച്ചിരുന്നു, ഒപ്പം ചാപ്പലിനോട് ചേര്‍ന്ന് സ്ഥിതിചെയ്യുന്ന കന്യാമഠത്തിലെ പശുത്തൊഴുത്തില്‍ നിന്നുള്ള സുഖമുള്ള ദുര്‍ഗന്ധവും! വരാന്തയില്‍ നിരയായി അടുക്കിവച്ചിരിക്കുന്ന പൂച്ചെട്ടികളില്‍ വിടര്‍ന്നു നില്‍ക്കുന്ന റോസാപ്പൂവുകളില്‍ കുഞ്ഞനുറുമ്പുകള്‍ പ്രഭാതഭക്ഷണം തിരയുന്നു. ഇടക്കിടെ പറന്നെത്തുന്ന തേനീച്ചകളെ ആട്ടിപ്പായിച്ച് അവ പൂക്കളില്‍ ആധിപത്യം സ്ഥാപിക്കാന്‍ ശ്രമിക്കുന്നു. കോണ്‍വെന്റിലെ വളര്‍ത്തുകോഴികളുടെ ഉറക്കച്ചടവ് കലര്‍ന്ന അടക്കം പറച്ചിലുകള്‍ വ്യക്തമായി കേള്‍ക്കാം. കുര്‍ബാന തുടങ്ങാന്‍ ഇനി അധികം നേരമില്ല. പ്രകൃതിയും പ്രഭാതവും ഭക്തിപൂര്‍വം ആ ധന്യ മുഹൂര്‍ത്തത്തിനായി ഭക്തിപുരസരം ഒരുങ്ങുന്നതുപോലെ! അല്‍പ്പനേരത്തിന് ശേഷം കോണ്‍വെന്റില്‍ നിന്ന് സുദീര്‍ഘമായ മണി നാദം ഉയര്‍ന്നു. അതിന്റെ പ്രതിധ്വനിയെന്ന പോലെ, തൂവെള്ള വസ്ത്രം ധരിച്ച നാല് കന്യാസ്ത്രീകള്‍ കോണ്‍വെന്റിനെയും ചാപ്പലിനെയും ബന്ധിപ്പിക്കുന്ന ഇടവഴിയില്‍ പ്രത്യക്ഷരായി. അവര്‍ സാവധാനം നടന്ന് ചാപ്പലിനുള്ളില്‍ പ്രവേശിച്ചു. പിന്നെ, മുട്ടികുത്തി അള്‍ത്താരയില്‍ ക്രൂശിതനായി കിടക്കുന്ന പരമകാരുണ്യവാനെ പ്രണമിച്ച് പ്രാര്‍ത്ഥനാനിര്‍ഭരരായി.
ചുവന്ന കാര്‍പ്പറ്റ് വിരിച്ച് മനോഹരമാക്കിയ ചാപ്പലിന്റെ കിഴക്കേ മൂലയില്‍ എരിയുന്ന കെടാവിളക്ക് ഇളംകാറ്റിന്റെ ഇടക്കിടെയുള്ള തലോടലില്‍ ചാഞ്ചാടിക്കൊണ്ടിരുന്നു. ദിവ്യബലിക്കുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയാക്കി വെടിപ്പാക്കിയ പരിശുദ്ധ ബലിപീഠം. സക്രാരിയുടെ ഇരുവശവും നിരത്തിയ തിരിക്കാലുകളില്‍ നാട്ടിയ മെഴുകുതിരികള്‍ എരിയാന്‍ തയാറായി നില്‍ക്കുന്നു. തൊട്ടടുത്തുള്ള ബൊക്കകളില്‍ അന്ന് വിരിഞ്ഞ ഏതാനും റോസാപ്പൂവുകള്‍ പരസ്പരം പുഞ്ചിരി തൂകുന്നു. അള്‍ത്താരയ്ക്ക് പിന്നിലെ ശുശ്രൂഷാ മുറിയില്‍ നിന്ന് അധികം പ്രായമില്ലാത്ത സിസ്റ്റര്‍ ആന്‍സി സാവധാനം പുറത്തേക്ക് വന്നു. കുര്‍ബാനയ്ക്കുള്ള ഓസ്തി, വീഞ്ഞ്, വെള്ളം, തിരുവസ്ത്രങ്ങള്‍ എല്ലാം തയാറാണെന്ന് ഉറപ്പുവരുത്തിയ ശേഷം, ക്രൂശിതരൂപത്തെ ഭക്തിപൂര്‍വ്വം വണങ്ങി ചാപ്പലില്‍ നിന്നിറങ്ങി, പിന്നില്‍ ധ്യാനനിരതരായിരിക്കുന്ന കന്യാസ്ത്രീകള്‍ക്കൊപ്പം ചെന്നിരുന്നു. പ്രഭാത പ്രാര്‍ത്ഥനയ്ക്കുള്ള സമയമായപ്പോള്‍ സിസ്റ്റര്‍ ആന്‍സി തൊട്ടടുത്തിരുന്ന ചെറിയ മണിയില്‍ മെല്ലെയൊന്ന് മുട്ടി. കുപ്പിവളകള്‍ പൊട്ടിച്ചിതറുന്ന ശബ്ദത്തോടെ കമ്പനം ചെയ്ത മണിനാദം കേട്ട് സ്ത്രീജനങ്ങളെല്ലാം എഴുന്നേറ്റ് പ്രാര്‍ത്ഥനാക്രമം തുറന്നു. ശീമോ നമസ്ക്കാരത്തിലെ ബുധനാഴ്ച ചൊല്ലേണ്ട പ്രഭാത പ്രാര്‍ത്ഥന നിമിഷങ്ങള്‍ക്കുള്ളില്‍ അന്തരീക്ഷമാകെ മുഖരിതമായി.
പ്രായാധിക്യം മൂലം തിരുസഭാശുശ്രൂഷകള്‍ നിര്‍വ്വഹിക്കാന്‍ സാധിക്കാത്ത വൈദീകരെ പരിചരിച്ചിരുന്ന ക്ലര്‍ജി ഹോമായിരുന്നു അത്. അവിടുത്തെ അന്തേവാസികളായ ഏഴ് വൈദീകരെ ശുശ്രൂഷിക്കുന്നത് തൊട്ടടുത്ത് തന്നെയുള്ള സന്യാസമഠത്തിലെ കന്യാസ്ത്രീകള്‍ ആയിരുന്നു. പകലന്തിയോളം അവര്‍ ആ ക്ലര്‍ജി ഫോമില്‍ ഉണ്ടാവും. സൗകര്യങ്ങള്‍ പരിമിതമായിരുന്നെങ്കിലും, പത്ത് വല്യച്ചന്മാര്‍ക്ക് സുഖമായി താമസിക്കാനുള്ള എല്ലാ സംവിധാനങ്ങളും ആ ക്ലര്‍ജി ഹോമില്‍ ഉണ്ട്. ക്ലര്‍ജി ഹോമിലെ ജോലികളില്‍ കന്യാസ്ത്രീകളെ സഹായിക്കാന്‍ രണ്ടുപേരെ കൂടി അരമന ചുമതലപ്പെടുത്തിയിട്ടുണ്ട്. കുശിനിയില്‍ പാചകം ചെയ്യുന്ന അന്നക്കുട്ടിയാണ് അതില്‍ പ്രധാനി. പാല സ്വദേശി. പ്രത്യേകിച്ച് ബന്ധുക്കളാരും ഇല്ലാത്ത അവര്‍ ക്ലര്‍ജി ഹോമില്‍ എത്തിയിട്ട് പതിറ്റാണ്ട് കഴിഞ്ഞു. പറമ്പിലെ ജോലികളുടെ മേല്‍നോട്ടം വഹിക്കുന്ന തദ്ദേശവാസിയായ അവറാച്ചനാണ് അടുത്തയാള്‍ . തൊട്ടടുത്തുള്ള ഇടവകയിലെ കപ്യാരും പള്ളിക്കമ്മിറ്റി പ്രസിഡന്റും ഒക്കെയാണ് കക്ഷി. രൂപതയുടെ ട്രഷറര്‍ ഫാദര്‍ തോമസ് പ്ലാവിന്തോപ്പിനാണ് ക്ലര്‍ജി ഹോമിന്റെ ഇന്‍ചാര്‍ജ്. വല്യച്ചന്മാരുടെ സുഖക്ഷേമങ്ങള്‍ പരിശോധിക്കുന്നതിനായി അദ്ദേഹവും അനുദിനം അവിടെ സന്ദര്‍ശനം നടത്തിയിരുന്നു.
രാവിലത്തെ കുര്‍ബാന അവറാച്ചന് പതിവാണ്. കൃത്യസമയത്തുതന്നെ അയാള്‍ അന്നും ചാപ്പലിലെത്തി. വെളുത്ത മുണ്ടും കുപ്പായവുമാണ് വേഷം. ചാപ്പലില്‍ കടന്നയുടന്‍ പുരുഷന്മാരുടെ വശത്തെ ഫാന്‍ ഓണ്‍ചെയ്ത് മുട്ടുകുത്തി അവറാച്ചന്‍ അല്‍പ്പനേരം കണ്ണടച്ച് നിന്നു. അതിനുശേഷം, മനപ്പാഠമായ പ്രാര്‍ത്ഥനക്രമം കന്യാസ്ത്രീകള്‍ക്കൊപ്പം ഉച്ചത്തില്‍ ഉരുവിടാന്‍ തുടങ്ങി. അഞ്ച് സ്ത്രീശബ്ദങ്ങള്‍ക്കിടയില്‍ അവറാച്ചന്റെ സ്വരം ഏച്ചുകെട്ടിയ വേലി പോലെ മുഴച്ചുനിന്നു.
ക്രമപ്രകാരം, അന്ന് കുര്‍ബാന അര്‍പ്പിക്കേണ്ട ചുമതല വര്‍ഗീസച്ചന്റേതായിരുന്നു. പ്രഭാത പ്രാര്‍ത്ഥനയുടെ അന്ത്യയാമങ്ങള്‍ അടുക്കാറായിട്ടും അച്ചന്‍ ചാപ്പലില്‍ എത്താത്തതിലുള്ള പരിഭവം സിസ്റ്റര്‍ ആന്‍സിയുടെ മുഖത്ത് പ്രകടമായിത്തുടങ്ങിയിരുന്നു. കുര്‍ബാന അര്‍പ്പിക്കേണ്ട ഊഴമെത്തുമ്പോള്‍ പ്രഭാതപ്രാര്‍ത്ഥനയ്ക്ക് മുമ്പേതന്നെ ചാപ്പലിലെത്തുന്ന സ്വഭാവക്കാരനാണ് വര്‍ഗീസച്ചന്‍. അങ്ങനെയുള്ള ദിവസങ്ങളില്‍ പ്രഭാതപ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കുന്നതും അച്ചന്‍ തന്നെയായിരിക്കും. “എന്നിട്ടും, ഇന്നെന്താ അച്ചന്‍ ഇത്ര വൈകുന്നത്?” പരിഭവം മറച്ച് സിസ്റ്റര്‍ ആന്‍സി പ്രാര്‍ത്ഥനയില്‍ ശ്രദ്ധിക്കാന്‍ ശ്രമിച്ചു.
സിസ്റ്റര്‍ ആന്‍സിയ്ക്ക് വര്‍ഗീസച്ചനോട് പ്രത്യേക സ്നേഹം ഉണ്ടായിരുന്നുവേന്നത് പ്രത്യേകം എടുത്തുപറയേണ്ട കാര്യം തന്നെയാണ്. ആന്‍സിയുടെ ഇടവക വികാരിയായി സേവനമഷ്ഠിച്ചിട്ടുള്ള ആളാണ് വര്‍ഗീസച്ചന്‍. അന്ന് ആന്‍സിക്ക് പതിമൂന്ന് വയസ്. എട്ടാം തരത്തിലെ വാര്‍ഷികപ്പരീക്ഷയില്‍ മുഴുകി സര്‍വ നേരവും പുസ്തകങ്ങളുമായി നടന്ന ആ കാലഘട്ടത്താണ് വര്‍ഗീസച്ചന്‍ അന്‍പതോളം കുടുംബങ്ങളുള്ള ആന്‍സിയുടെ ഇടവകയുടെ ചാര്‍ജെടുക്കുന്നത്. പരീക്ഷാഭീതി മാറ്റാന്‍ പരിശുദ്ധ കന്യാമറിയത്തിന്റെ നോവേന ചൊല്ലാന്‍ ആന്‍സി എല്ലാ സായാഹ്നങ്ങളിലും പള്ളിക്കുരിശടിയില്‍ പോകുമായിരുന്നു. അങ്ങനെയൊരു വൈകുന്നേരത്തിലാണ് ആന്‍സി വര്‍ഗീസച്ചനെ ആദ്യമായി കാണുന്നത്. താടിയും മുടിയും പകുതിയോളം നരച്ച ഒരാള്‍ ഇടവകയിലേക്കുള്ള വഴി ചോദിക്കുമ്പോള്‍ അത് തന്റെ ഭാവി വികാരിയായിരിക്കുമെന്ന് ആന്‍സി കരുത്തിയതേയില്ല.
നോവേന കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങാന്‍ തുടങ്ങുമ്പോഴാണ് ഇടവകയില്‍ പുതിയൊരു അച്ചന്‍ ചാര്‍ജെടുത്ത വിവരം ആന്‍സി അറിയുന്നത്. പുതിയ അച്ചനെ കാണാനുള്ള ആകാംശയില്‍ ആന്‍സി പള്ളിമേടയിലേക്കോടി. കമ്മിറ്റിയംഗങ്ങളുടെ സ്വീകരണങ്ങള്‍ക്കും, കുശലന്വേഷണങ്ങള്‍ക്കുമിടയില്‍ നില്‍ക്കുന്ന അച്ചനെ ശരിക്കൊന്ന് കാണാന്‍ കഴിയാതെ ആന്‍സി മേടയ്ക്ക് വെളിയില്‍ മാറി നിന്നു. അപ്രതീക്ഷിതമായി മേടയ്ക്ക് വെളിയിലെത്തിയ അച്ചനെ കണ്ട ആന്‍സി ആദ്യം ഞെട്ടി. “ഇത് താന്‍ വഴി പറഞ്ഞുകൊടുത്ത ആളല്ലേ!” മിഴിച്ചുനില്‍ക്കുന്ന ആന്‍സിയെ അച്ചന്‍ അടുത്തേയ്ക്ക് വിളിച്ചു. തനിക്ക് വഴികാട്ടിയ കുട്ടിയെ കമ്മറ്റിക്കാര്‍ക്ക് പരിചയപ്പെടുത്തി. “ഇത് നമ്മുടെ ജോസഫേട്ടന്റെ മോളല്ലേ!” അവര്‍ ആന്‍സിയെയും പരിചയപ്പെടുത്തി. “എത്രയിലാ മോള്‍ പഠിക്കുന്നേ?” “എട്ടില്‍.” “പരീക്ഷയെല്ലാം കഴിഞ്ഞോ?” “ഇല്ല. നാലെണ്ണം ബാക്കിയുണ്ട്.” “അപ്പോള്‍ പോയിരുന്ന് പഠിച്ചോളൂ. ഞായറാഴ്ചത്തെ കുര്‍ബാനയ്ക്ക് കാണാം.”
ആന്‍സി ഒരിക്കലും കണ്ടിട്ടില്ലാത്ത വിധം അതിമനോഹരമായിരുന്നു ഞായറാഴ്ചയിലെ കുര്‍ബാന. പുതുതായി എത്തിയ അച്ചന്റെ ആദ്യ കുര്‍ബാന ആയിരുന്നതിനാല്‍ പള്ളിയില്‍ തിരക്കല്‍പ്പം അധികമായിരുന്നു. കുട്ടികളും മുതിര്‍ന്നവരും പുതിയ അച്ചനെ അടുത്ത് കാണാന്‍ തിക്കിത്തിരക്കി. അവരുടെയെല്ലാം ഇടയില്‍ ‘അച്ചനെ ആദ്യം പരിചയപ്പെട്ടത് താനാണ്’ എന്ന കുഞ്ഞഹങ്കാരത്തോടെ ആന്‍സി നിന്നു. സുവിശേഷം പ്രസംഗം ആരംഭിക്കേണ്ട സമയമായപ്പോള്‍, അജഗണങ്ങളെ അഭിസംബോധന ചെയ്ത് അച്ചന്‍ സ്വയം പരിചയപ്പെടുത്തി. “എന്റെ പേര് വര്‍ഗീസ് ആറ്റുമണലില്‍. പത്തനംതിട്ട സ്വദേശി. തിരുവനന്തപുരത്തെ ഒരിടകവകയിലായിരുന്നു ഇത്രയും നാള്‍. കൂടുതല്‍ വിവരങ്ങള്‍ വഴിയേ പറയാം.” പരിചയപ്പെടുത്തല്‍ ചുരുങ്ങിയ വാക്കുകളില്‍ മാത്രം ഒതുക്കി വര്‍ഗീസച്ചന്‍ സുദീര്‍ഘമായ പ്രസംഗത്തിലേക്ക് കടന്നു.
കുര്‍ബാന കഴിഞ്ഞ് തിരക്കൊഴിഞ്ഞപ്പോള്‍ ആന്‍സിയും അമ്മയോടൊപ്പം അച്ഛനെ പള്ളിമേടയില്‍ കാണാന്‍ ചെന്നു. പ്രാതല്‍ അതിവേഗം പൂര്‍ത്തിയാക്കി തന്റെ കീഴിലുള്ള മറ്റൊരു പള്ളിയിലേക്ക് യാത്ര തിരിക്കാന്‍ ഒരുങ്ങുകയായിരുന്നു അച്ചനപ്പോള്‍. “ഹാ… ആന്‍സിയായിരുന്നോ! അമ്മയാണോ?” അച്ചന്‍ തിരക്കി. “അതേയച്ചാ.” ആന്‍സി പറഞ്ഞു. “എന്റെ പേര് മറിയക്കുട്ടി. അച്ചന്റെ വീട്ടില്‍ ആരൊക്കെയുണ്ട്?” അമ്മ തിരക്കി. “എല്ലാവരും ഉണ്ട്. നമുക്ക് ഉച്ചതിരിഞ്ഞ് കാണാം. യുവജനങ്ങളുടെ ഒരു മീറ്റിംഗ് സംഘടിപ്പിച്ചിട്ടുണ്ട്. ആന്‍സിയും വരണം. എന്നാല്‍ ശരി.” ഇത്രയും പറഞ്ഞ് അച്ചന്‍ ധൃതിയില്‍ യാത്ര തിരിച്ചു.
അന്നാദ്യമായാണ് ആന്‍സി യുവജനങ്ങള്‍ക്കുള്ള മീറ്റിംഗില്‍ പങ്കെടുക്കുന്നത്. പതിനെട്ട് തികയാത്ത ആന്‍സിയെ പല അംഗങ്ങളും സൂക്ഷിച്ച് നോക്കുന്നുണ്ടായിരുന്നെങ്കിലും ആന്‍സി അതൊന്നും കൂസാക്കിയില്ല. ‘അച്ചന്‍ പ്രത്യേകം വിളിച്ചിട്ട് വന്നതാ.’ ആന്‍സി ഗൗരവത്തോടെ ഇരുന്നു. ഉച്ചഭക്ഷണത്തിന് ശേഷം വര്‍ഗീസച്ചന്‍ പള്ളിയില്‍ കൃത്യസമയത്തിന് തന്നെ എത്തി. അച്ചനെ കണ്ടയുടന്‍ യുവജനങ്ങളെല്ലാം എഴുന്നേറ്റു, ഒപ്പം ആന്‍സിയും.
“പരസ്പരം പരിചയപ്പെടാന്‍ വേണ്ടി മാത്രമാണ് ഇങ്ങനെയൊരു മീറ്റിംഗ് വിളിച്ചുകൂട്ടാന്‍ ഞാന്‍ ആവശ്യപ്പെട്ടത്.” അച്ചന്‍ മുഖവുരയായി പറഞ്ഞു. “പള്ളികളിലെ പ്രവര്‍ത്തനങ്ങളില്‍ യുവജനങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കണമെന്ന മൊത്രാപ്പോലിത്തയുടെ നിര്‍ദ്ദേശമനുസരിച്ചാണ് ഇടവകയിലെ മറ്റ് സംഘടനകളെ കാണുന്നതിന് മുമ്പ് നിങ്ങളെ കാണാന്‍ ഞാന്‍ തീരുമാനിച്ചതു. ഈ പള്ളിയില്‍ ചാര്‍ജെടുത്തിട്ട് നാല് ദിവസങ്ങള്‍ മാത്രമേ ആയിട്ടുള്ളൂവേങ്കിലും, പള്ളി പ്രവര്‍ത്തനങ്ങള്‍ യുവജനങ്ങള്‍ പിന്നോക്കം നില്‍ക്കുന്നുവേന്നാണ് എനിക്ക് ആദ്യം മനസിലാക്കാന്‍ സാധിച്ചതു. പ്രതിദിനമുള്ള കുര്‍ബാനയില്‍ യുവജനങ്ങളെ കാണാനില്ല. ഞായറാഴ്ചത്തെ പ്രാര്‍ത്ഥനകള്‍ക്ക് നേതൃത്വം നല്‍കേണ്ടതും യുവജനങ്ങള്‍ തന്നെയാവണം. പ്രവര്‍ത്തനങ്ങള്‍ യുവജനങ്ങളില്‍ നിന്ന് തുടങ്ങാം എന്ന് കരുതുന്നു. തന്നെയുമല്ല, വരാനിരിക്കുന്ന പള്ളിപ്പെരുനാള്‍ ശോഭയോടെ നടത്താനും മറ്റും യുവാക്കളുടെ സഹായം കൂടിയേ തീരു.” അച്ചന്‍ പറഞ്ഞുനിര്‍ത്തി.
“എന്റെ പേര് തോമസ്. സംഘടനയുടെ സെക്രട്ടറി. എനിക്ക് ചില അഭിപ്രായങ്ങള്‍ ബോധിപ്പിക്കാനുണ്ട്.” ആന്‍സിയുടെ ശ്രദ്ധ തോമസേട്ടനിലേക്ക് തിരിഞ്ഞു. “ഏതാനും ചില വര്‍ഷങ്ങള്‍ക്ക് മുമ്പുവരെ യുവജനസാന്നിധ്യം ശക്തമായിരുന്ന ഇടവകയായിരുന്നു ഇത്. മാറി വന്ന ചില വൈദീകരുടെയും പൈന്തിരിപ്പക്കാരായ ചില പള്ളിപ്രമാണിമാരുടെയും കമ്മറ്റിയംഗങ്ങളുടെയും അവിവേകപരമായ ചില രീതികളാണ് യുവജനങ്ങളുടെ ശക്തി ക്ഷയിപ്പിച്ചതു. മുപ്പതോളം യുവാക്കള്‍ ഉണ്ടായിരുന്ന സംഘടനയില്‍ ഇന്ന് അവശേഷിക്കുന്നത് വെറും ഏഴുപേരാണ്. വേരറ്റുപോയ അംഗങ്ങളെ പഴയപടി തിരിച്ചുകൊണ്ടുവരിക എന്നത് നിസാര കാര്യമല്ല. അച്ചന്‍ ഓരോ വീടും സന്ദര്‍ശിച്ച്, ആളുകളെ നേരിട്ട് കണ്ട് വിളിച്ചാല്‍ ഒരു പക്ഷേ യുവാക്കള്‍ സഹകരിക്കാന്‍ തയാറായേക്കാം!”
“ഭവന സന്ദര്‍ശനം ഉടന്‍ ആരംഭിക്കാന്‍ തന്നെയാണ് ഞാന്‍ ഉദ്ദ്യേശിക്കുന്നത്. എല്ലാ ഇടവക അംഗങ്ങളുടെയും വീടുകള്‍ അറിയാവുന്ന മൂന്നുനാല് പേര്‍ കൂടെ ഉണ്ടെങ്കിലേ അത് നടക്കൂ. കൂടെ വരാന്‍ തോമസ് തയാറാണോ?” വര്‍ഗീസച്ചന്‍ ചോദിച്ചു. “ഞാന്‍ തയാറാണച്ചോ.” തോമസ് പ്രതികരിച്ചു. “വേറെ ആരെങ്കിലും?” അച്ചന്‍ അംഗങ്ങളുടെ മുഖങ്ങളിലേക്ക് കണ്ണോടിച്ചു. “ഞാനും വരാമച്ചോ!” ആന്‍സി കൈകള്‍ പൊക്കി പറഞ്ഞു. അംഗങ്ങളുടെ പൊട്ടിച്ചിരി കേട്ട് ആന്‍സി ആദ്യം മിഴിച്ചു. “ആന്‍സിയും പോരട്ടെ, ഭവനസന്ദര്‍ശത്തില്‍ കുട്ടികള്‍ക്ക് പങ്കെടുക്കാം.” അച്ചന്‍ ന്യായീകരിച്ചു.
അതായിരുന്നു വര്‍ഗീസച്ചനും ആന്‍സിയും തമ്മിലുള്ള ബന്ധത്തിന്റെ തുടക്കം. വ്യക്തമായ കാഴ്ചപ്പാടുകള്‍ക്കും പ്രവര്‍ത്തന ശൈലികള്‍ക്കും ഉടമയായിരുന്നു വര്‍ഗീസച്ചന്‍. ഇടവകയിലെ വന്‍കിട ശക്തികളുടെ സ്വാധീനങ്ങള്‍ക്ക് പിടികൊടുക്കാതെ, നീതിയുക്തമായി പ്രവര്‍ത്തിക്കാന്‍ അച്ചന്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ഇടവകയ്ക്ക് അകത്തും പുറത്തുമുള്ള സാമൂഹിക പ്രശ്നങ്ങളെ നേരിടാന്‍ അച്ചന്‍ കാണിച്ച ധൈര്യം അക്രൈസ്തവര്‍ പോലും പലതവണ അംഗീകരിച്ചിട്ടുള്ളതാണ്. തൊട്ടടുത്തുള്ള അമ്പലവുമായി ഇടവകയ്ക്കുണ്ടായിരുന്ന അസുഖകരമായ ബന്ധം വേരോടെ പിഴുതെറിഞ്ഞുകൊണ്ടാണ് വര്‍ഗീസച്ചന്‍ അന്നാട്ടിലെ ഹൈന്ദവരുടെ പ്രിയങ്കരനായി മാറിയത്.
ഇടവകാംഗമായ പത്രോസ് പുന്നൂസും ഒരു ഹിന്ദുവും തമ്മില്‍ നിലനിന്നിരുന്ന സ്വത്ത് തര്‍ക്കമാണ് എല്ലാ പ്രശ്നങ്ങള്‍ക്കും മൂലകാരണം. പരിഹാരം കാണാനാവാതെ തര്‍ക്കം വാദപ്രതിവാദങ്ങള്‍ മാത്രമായി നീണ്ടുപോയ പശ്ചാത്തലത്തില്‍ പുന്നൂസ് അന്നത്തെ വികാരിയായിരുന്ന മത്തായി ചാക്കോയെ മധ്യസ്ഥനായി വിളിച്ച് പ്രശ്നം പരിഹരിക്കാന്‍ ശ്രമിച്ചു. രണ്ട് വിഭാഗക്കാരെയും അദ്ദേഹം ഒരുനാള്‍ പള്ളിമേടയില്‍ ചര്‍ച്ചയ്ക്ക് വിളിപ്പിച്ചു. മനസില്ലാമനസോടെ ആണെങ്കിലും, ക്ഷേത്രക്കമ്മറ്റിക്കാര്‍ അടങ്ങുന്ന ഒരു ചെറുസംഘം ചര്‍ച്ചയ്ക്കെത്തി. ചര്‍ച്ച കൈവിട്ടുപോവുകയാണെന്ന് മനസിലായിട്ടും അച്ചന് ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല. പള്ളിമുറ്റത്ത് കൂട്ടത്തല്ലായി. അച്ചനും ചില കമ്മിറ്റിക്കാര്‍ക്കും പരിക്കേറ്റു. പ്രശ്നം കലാപ സമമായതോടെ പോലീസ് രംഗത്തിറങ്ങി പള്ളിക്കാരെയും ക്ഷേത്രക്കാരെയും അടിച്ചൊതുക്കി. പത്ത് വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന ഈ സംഭവം അപ്പച്ചന്‍ പറഞ്ഞ് ആന്‍സി പലതവണ കേട്ടിട്ടുള്ളതാണ്.
ക്ഷേത്രത്തില്‍ ഉത്സവം നടക്കുന്ന സമയം. ക്ഷേത്രത്തിലെ ഒരു കാര്യത്തിനും പള്ളിക്കാര്‍ പങ്കെടുക്കാറില്ലെന്ന് മനസിലാക്കിയ വര്‍ഗീസച്ചന്‍ ഒരു ദിവസം വൈകുന്നേരം ക്ഷേത്രക്കമിറ്റി പ്രസിഡന്റ് ശ്രീകണ്ഠന്‍ നായരുടെ വീട്ടിലേക്ക് ചെന്നു. ളോഹ ധരിച്ച പാതിരിയെ കണ്ട് ശ്രീകണ്ഠന്‍ നായര്‍ ആദ്യമൊന്ന് പരുങ്ങിയെങ്കിലും, ആഗമനോദ്ദ്യേശം മനസിലാക്കിയതോടെ കാര്യം കമ്മിറ്റിയില്‍ ആലോചിച്ച് അറിയിക്കാമെന്നേറ്റു.
കുടിക്കാനും കുളിക്കാനും വെള്ളമില്ല എന്നതായിരുന്നു ആ പ്രദേശത്തെ സകലമാന ജനങ്ങളും അനുഭവിച്ചിരുന്ന സുപ്രധാന പ്രശ്നം. കുടിവെള്ള പദ്ധതികള്‍ രംഗപ്രവേശനം ചെയ്തുതുടങ്ങിയിട്ടില്ലാത്ത അക്കാലത്ത് ഭൂരിപക്ഷം പേരും ആശ്രയിച്ചിരുന്നത് കിണറുകളെയായിരുന്നു. വേനല്‍ക്കാലത്ത് കിണറുകള്‍ വറ്റിയാല്‍ പിന്നെയുള്ള ആശ്രയം ക്ഷേത്രക്കുളം മാത്രം. വേനല്‍ കഠിനമായാല്‍ കുളവും വറ്റും. പിന്നെ വെള്ളത്തിനായി കിലോമീറ്ററുകള്‍ നടക്കേണ്ട ഗതികേടിലായിരുന്നു നാട്ടുകാര്‍. അച്ഛന്റെ നിര്‍ദ്ദേശം മറ്റൊന്നും ആയിരുന്നില്ല. ഇടവകയുടെയും ക്ഷേത്രത്തിന്റെയും പിന്നെ നാട്ടുകാരുടെയും ആഭിമുഖ്യത്തില്‍ മഴയ്ക്ക് മുമ്പേ ക്ഷേത്രക്കുളം വൃത്തിയാക്കുക. ചിലവാകുന്ന പണത്തിന്റെ പകുതി പള്ളി നല്‍കും. ക്ഷേത്രക്കമ്മിറ്റിക്കാര്‍ ആലോചിച്ചപ്പോള്‍ സംഗതി കൊള്ളാം. നാട്ടുകാര്‍ക്ക് മുഴുവന്‍ പ്രയോജനം ചെയ്യുന്ന കാര്യമല്ലേ!
പരസ്പരം വെട്ടും കുത്തുമായി നടന്നിരുന്ന പള്ളിക്കാരും ക്ഷേത്രക്കാരും സഹകരിച്ച് കുളം വൃത്തിയാക്കുന്നുവേന്ന് കേട്ട് നാട്ടുകാര്‍ക്കും ആവേശമായി. അങ്ങനെയാണ് പഞ്ചായത്ത് ധനസഹായം പ്രഖ്യാപിക്കുന്നതും, കുളനവീകരണം ജില്ലയില്‍ ഏറെ ചര്‍ച്ചചെയ്യപ്പെട്ട വിഷയമാവുന്നതും. ഏറെ കാലം പിണങ്ങിയിരുന്ന പള്ളിക്കാരും ക്ഷേത്രക്കാരും എങ്ങനെ സൗഹൃദത്തിലായി എന്നതായിരുന്നു എല്ലാവരെയും ആശ്ചര്യപ്പെടുത്തിയത്. ഈ സംരംഭത്തിന് ശേഷമാണ് പള്ളിപ്പെരുനാളും ക്ഷേത്രത്തിലെ ഉത്സവവും ഇരുകൂട്ടരും ഒരുമിച്ച് നടത്താന്‍ ആരംഭിച്ചതു. സ്കൂള്‍ പഠനത്തിന് ശേഷം ഒരു കന്യാസ്ത്രീ ആവണമെന്ന മോഹം ആന്‍സിയില്‍ തളിരിട്ടതിനുള്ള പ്രധാന കാരണവും വര്‍ഗീസച്ചന്റെ നിസ്വാര്‍ത്ഥമായ പ്രവര്‍ത്തന ശൈലിയായിരുന്നു.
ആന്‍സി സ്കൂള്‍ പഠനം പൂര്‍ത്തിയാക്കി മഠത്തില്‍ ചേരുന്നതിന് മുമ്പുതന്നെ വര്‍ഗീസച്ചന്‍ ഇടവകയില്‍ നിന്ന് മാറ്റം ലഭിച്ച് പോയി. മഠത്തിലെ പുത്തന്‍ ജീവിത സാഹചര്യങ്ങളുമായി പൊരുത്തപ്പെടാന്‍ ബുദ്ധിമുട്ടനുഭവപ്പെട്ട നാളുകളില്‍ വര്‍ഗീസച്ചന്റെ എഴുത്തുകള്‍ ആന്‍സിയ്ക്ക് പ്രചോദനം നല്‍കിയിരുന്നു. ഏതാനും ചില വര്‍ഷങ്ങള്‍ കൂടി എഴുത്തുകുത്തുകള്‍ തുടര്‍ന്നുവേങ്കിലും, പെട്ടെന്നുള്ള സ്ഥലം മാറ്റങ്ങള്‍ക്ക് വിധേയനായ അച്ചന്റെ വിലാസം കണ്ടെത്താന്‍ കഴിയാതെ ആ ബന്ധം പിന്നെ മുറിയുകയാണുണ്ടായത്. നിത്യവൃതം സ്വീകരിച്ച് ഈ കോണ്‍വെന്റിലെ അന്തേവാസിയായി ക്ലര്‍ജി ഹോമില്‍ എത്തുമ്പോഴാണ് സിസ്റ്റര്‍ ആന്‍സി വര്‍ഗീസച്ചനെ പിന്നെ കാണുന്നത്. അപ്പോഴേയ്ക്കും, വാര്‍ദ്ധക്യാതിഷ്ടിത രോഗങ്ങള്‍ മൂലം അദ്ദേഹത്തിന്റെ ഓര്‍മ്മകളില്‍ നിന്ന് ആന്‍സി ഏറെക്കുറെ നീക്കംചെയ്യപ്പെട്ട് കഴിഞ്ഞിരുന്നു.
വര്‍ഗീസച്ചന്‍ തന്റെ ഇടവകയില്‍ ചെയ്ത സേവന പരമ്പരകളെ വാതോരാതെ പ്രകീര്‍ത്തിക്കുന്ന കൂട്ടത്തിലായിരുന്നു സിസ്റ്റര്‍ ആന്‍സി. സഭയ്ക്കും സമൂഹത്തിനും അദ്ദേഹം നല്‍കിയ സേവനത്തിന് പ്രത്യുപകാരമായി കഴിയുന്ന വിധത്തിലെല്ലാം അച്ചനെ സഹായിക്കണമെന്ന നിശ്ചയദാര്‍ഢ്യം സിസ്റ്റര്‍ ആന്‍സി കാണിച്ചിരുന്നു. ജീവിത സായാഹ്നത്തിലെത്തിനില്‍ക്കുന്ന വര്‍ഗീസച്ചനെ ശുശ്രൂഷിക്കാന്‍ സിസ്റ്റര്‍ ആന്‍സി കാണിച്ചിരുന്ന അമിതത്താല്‍പ്പര്യത്തിന് പിന്നിലെ കാരണവും ഇതൊക്കെ തന്നെ.
മണി 6:15. പ്രഭാതപ്രാര്‍ത്ഥന കഴിഞ്ഞയുടന്‍ ആന്‍സി മദറിന്റെ അനുവാദത്തോടെ ചാപ്പലില്‍ നിന്ന് പുറത്തിറങ്ങി വര്‍ഗീസച്ചന്റെ മുറി ലക്ഷ്യമാക്കി നടന്നു. വിശുദ്ധ അന്തോണിയോസിന്റെ പെരുനാള്‍ ദിനമായ ഇന്ന് കുര്‍ബാന മധ്യേ ഒരു ചെറിയ പ്രസംഗം നടത്താന്‍ അച്ഛനെ ഓര്‍മ്മിപ്പിക്കണം. ആന്‍സി മനസില്‍ കരുതി. ചാപ്പലിന്റെ വടക്കുഭാഗത്തുള്ള വര്‍ഗീസച്ചന്റെ മുറിയില്‍ ലൈറ്റ് കിടക്കുന്നത് ദൂരെനിന്നുതന്നെ വ്യക്തമായി കാണാം. വാതില്‍ പകുതി മാത്രമേ ചാരിയിരുന്നുള്ളൂ. മുറിക്കുള്ളിലെ കുളിമുറിയില്‍ നിന്ന് വെള്ളമൊഴുകുന്ന ശബ്ദവും വ്യക്തമായി കേള്‍ക്കാം. അച്ചന്‍ കുളിക്കുകയാവും എന്ന് കരുതി സിസ്റ്റര്‍ ആന്‍സി അല്‍പ്പനേരം വരാന്തയിലൂടെ അങ്ങോട്ടുമിങ്ങോട്ടും നടന്നു.
നടപ്പിനിടയില്‍, പൂച്ചട്ടികളില്‍ അമിതമായി വളര്‍ന്നു നില്‍ക്കുന്ന കളകളെ പിഴുത് അവര്‍ അടുത്തുള്ള ചവറ്റുകുട്ടയില്‍ നിക്ഷേപിച്ചു. വരാന്തയില്‍ അവിടവിടെ തെളിഞ്ഞുകിടന്നിരുന്ന വൈദ്യുതവിളക്കുകള്‍ അണച്ചു. ഗ്രില്ലിലൂടെ അകത്തേയ്ക്ക് വലിച്ചെറിഞ്ഞ പത്രത്താളുകള്‍ പെറുക്കിയെടുത്ത് സ്വീകരണമുറിയിലെ ടീപ്പോയില്‍ അടുക്കിവച്ചു. പഴയ പത്രങ്ങള്‍ ഒരു ഭാഗത്ത് മടക്കി വച്ചശേഷം സിസ്റ്റര്‍ ആന്‍സി വീണ്ടും അച്ചന്റെ വാതില്‍ക്കലെത്തി.
നേരം ഏറെയായിട്ടും ആളനക്കം കേള്‍ക്കാത്തതിനാല്‍ സിസ്റ്റര്‍ ആന്‍സി കര്‍ട്ടന്‍ സ്വല്‍പ്പം മാറ്റി മുറിക്കുള്ളിലേക്ക് നോക്കി. ഹൃദയം നുറുക്കുന്നതായിരുന്നു അവര്‍ അവിടെ കണ്ട കാഴ്ച. താനേറ്റവും സ്നേഹിക്കുകയും ആദരിക്കുകയും ചെയ്യുന്ന വര്‍ഗീസച്ചന്‍ കുളിമുറി വാതില്‍ക്കല്‍ മലര്‍ന്നടിച്ച് കിടക്കുന്നു, പരിപൂര്‍ണ്ണ നഗ്നനായി. അദ്ദേഹത്തിന്റെ ടൗവല്‍ അരയില്‍ നിന്നുരിഞ്ഞ് തൊട്ടടുത്തുതന്നെ ഉണ്ടായിരുന്നു. ശരീരമാകെ വിയര്‍പ്പുകുമിളകള്‍ പൊട്ടിമുളച്ചിരുന്നു. അബോധാവസ്ഥയില്‍ വീണുകിടക്കുന്ന വര്‍ഗീസച്ചനെ കണ്ട് ഇടിവാളേറ്റപോലെ സിസ്റ്റര്‍ ആന്‍സി നിന്നു. എന്തുചെയ്യണമെന്നറിയാത്ത അവസ്ഥയില്‍ രക്തം കട്ടപിടിച്ചതുപോലെ! രക്തസമ്മര്‍ദ്ദമൂലം ചുവന്നുതുടുത്ത ആന്‍സിയുടെ മുഖം പെട്ടെന്ന് വിയര്‍ത്തു. നിലവിളിക്കാനോ, ഉറക്കെ കരയാനോ കഴിയാതെ ആന്‍സി സ്തപ്തയായി അല്‍പ്പനേരം നിലകൊണ്ടു. പെട്ടെന്നുള്ള ആഘാതത്തില്‍ നിന്ന് വിമുക്തയായ സിസ്റ്റര്‍ ആന്‍സി, കഴുത്തില്‍ തൂങ്ങിയ ക്രൂശിതരൂപത്തെ മുറുകെ പിടിച്ച് ചാപ്പലിലേക്ക് കുതിച്ചു.
ചാപ്പലിന്റെ മുന്നിലെത്തിയ അവര്‍ വാതില്‍ക്കല്‍ നിന്ന് കിതച്ചു. അച്ചന്റെ വരവിനായി കാത്തിരുക്കുന്ന നാല് അമ്മമാരും ധ്യാനനിരതരായിരുന്നു. പ്രാര്‍ത്ഥനകള്‍ക്കിടെ ലഭിച്ച ഇടവേള പാഴാക്കാതെ ഫാനിന്റെ കാറ്റില്‍ അവറാച്ചന്‍ പതിവുപോലെ ഉറക്കം തൂങ്ങുന്നുണ്ടായിരുന്നു. വിവരമറിയിക്കാന്‍ നാവ് പോന്തിച്ചെങ്കിലും, ശബ്ദം വെളിയില്‍ വന്നതേയില്ല. ഇരുകൈകള്‍ കൊണ്ടും തൊണ്ടയെ അമര്‍ത്തി ആന്‍സി വീണ്ടും ശബ്ദമുണ്ടാക്കാന്‍ ശ്രമിച്ചു. പവിത്രമായ ദേവാലയത്തില്‍ ഭീകരാന്തരീക്ഷം സൃഷ്ടിക്കേണ്ടന്ന് കരുതി ഒരു ഭ്രാന്തിയെ പോലെ അവര്‍ അച്ചന്റെ മുറിയിലേക്ക് തിരിച്ചോടി. ഓട്ടത്തിനിടെ പൂച്ചെട്ടിയില്‍ കാല്‍ തട്ടി സിസ്റ്റര്‍ മുഖമടിച്ച് നിലത്തുവീണു. കാലിലെ ചെരുപ്പുകള്‍ വരാന്തയില്‍ ചിതറി. നെറ്റി പൊട്ടി ചോര പൊടിഞ്ഞു. നിലത്ത് നിന്ന് ചാടിയെഴുന്നേറ്റ് അച്ചന്റെ മുറിയിലെ വാതില്‍ ഓട്ടത്തിന്റെ അതേ അവേശത്തോടെ അവര്‍ തള്ളിത്തുറന്നു. അവിടെ, ഒരു നവജാതശിശുവിന്റെ പരിതാപകരമായ അവസ്ഥയില്‍ വര്‍ഗീസച്ചന്‍ കിടപ്പുണ്ടായിരുന്നു, യാതൊരു അനക്കവുമില്ലാതെ.
“നന്മ നിറഞ്ഞ മറിയമേ, നിനക്ക് സ്വസ്തി. കര്‍ത്താവ് നിന്നോട് കൂടെ. നീ സ്ത്രീകളില്‍ വാഴ്ത്തപ്പെട്ടവളാകുന്നു. നിന്റെ ഉദരത്തിന്‍ ഫലമായ ഈശോ അനുഗ്രഹീതനാകുന്നു. പരിശുദ്ധ മറിയമേ, തമ്പുരാന്റെ അമ്മേ, പാപികളായ ഞങ്ങള്‍ക്ക് വേണ്ടി ഇപ്പോഴും ഞങ്ങളുടെ മരണ നേരത്തും തമ്പുരാനോട് അപേക്ഷിക്കേണമേ.” ചെറിയൊരു മൊണ്ടലോടെ അച്ചന്റെ അരികിലേക്ക് വേച്ചുവേച്ച് നടക്കുമ്പോള്‍ സിസ്റ്ററിന്റെ ചുണ്ടുകളില്‍ വിശുദ്ധ മറിയത്തോടുള്ള പ്രാര്‍ത്ഥന ഒരു ഗദ്ഗദം പോലെ പുറത്തുവന്നു. ആന്‍സിയുടെ കണ്ണുകളിലും മുഖത്തും പ്രാര്‍ത്ഥനയുടെ തീവ്രതയും, യാഥാര്‍ത്ഥ്യത്തിന്റെ കാഠിന്യവും കാണാം. ത്രികാല ബോധം നഷ്ടപ്പെട്ട മനസും, നിഷ്ക്രിയമായ ആത്മാവുമായി അവര്‍ അന്തരീകമായി ലഭിച്ച ഏതോ പ്രേരണക്കനുസരിച്ച് എന്തൊക്കെയോ ചെയ്യാന്‍ ശ്രമിച്ചു. അവരുടെ അങ്കലാപ്പുകള്‍ക്കിടയില്‍ മേശപ്പുറത്ത് നിരത്തിവച്ചിരുന്ന മരുന്നുകുപ്പികള്‍ നിലത്തുവീണുടഞ്ഞു. സ്ഥാനം തെറ്റിയ മേശയില്‍ നിന്ന് പുസ്തകങ്ങള്‍ നിലത്ത് വീണ് ചിതറി. ഒടുവില്‍, പിടി നല്‍ക്കാത്ത പഞ്ചേന്ദ്രിയങ്ങളുടെ കടിഞ്ഞാണ്‍ പൂര്‍ണ്ണമായും ഉപേക്ഷിച്ച് അവര്‍ അബോധമായ ഏതോ നിലയിലേക്ക് നിപതിച്ചു. ബോധം വരുമ്പോള്‍, ആന്‍സി കോണ്‍വെന്റിലെ സ്വന്തം മുറിയിലായിരുന്നു.
കണ്ണുകള്‍ തുറന്ന ആന്‍സി സംഭ്രമത്തോടെ ചുറ്റും നോക്കി. ദേഹമാസകലം വല്ലാത്ത വേദന. സംഭവിച്ചതെന്നറിയാന്‍ അവര്‍ അമ്പരപ്പോടെ ചുറ്റും നോക്കി. കിടക്കയ്ക്ക് സമീപമുള്ള ഫൈബര്‍ കസേരസില്‍ വേറൊരു സിസ്റ്റര്‍ പുസ്തകം വായിച്ചിരിപ്പുണ്ടായിരുന്നു. ആന്‍സി അവരോട് സംസാരിക്കാന്‍ ശ്രമിച്ചു. ആന്‍സിയുടെ പരാക്രമങ്ങള്‍ കണ്ട് ഭയന്ന സിസ്റ്റര്‍ ആരെയോ വിവരമറിയിക്കാന്‍ മുറിയില്‍ നിന്നിറങ്ങി ഓടി. കട്ടിലില്‍ നിന്ന് താഴെ ഇറങ്ങിയപ്പോള്‍ രൂപം കൊണ്ട കാല്‍മുട്ടിലെ വേദന സഹിക്കാന്‍ വയ്യാതെ ആന്‍സി നിശബ്ദം നിലവിളിച്ചു. വേദനയുടെ കാഠിന്യം തെല്ലൊന്ന് കുറഞ്ഞപ്പോള്‍ അവര്‍ മുടന്തിമുടന്തി വാതില്‍ക്കലെത്തി.
ചാപ്പലിന്റെ പരിസരത്തും റോഡിലും പതിവില്ലാതെ തടിച്ചുകൂടിയിരിക്കുന്ന ജനക്കൂട്ടത്തെ കോണ്‍വെന്റിലെ രണ്ടാം നിലയില്‍ നിന്ന് നന്നായി കാണാം. കാര്യമെന്തെന്ന് വ്യക്തമാവാതെ ആന്‍സി രണ്ടാം നിലയിലെ അഴികള്‍ക്കിടയിലൂടെ ഉറ്റിനോക്കി. അപ്പോഴേയ്ക്കും, നാലഞ്ച് സിസ്റ്റര്‍മാര്‍ അവിടെ എത്തിക്കഴിഞ്ഞിരുന്നു. അവര്‍ ആന്‍സിയെ മുറിക്കുള്ളിലേക്ക് കൊണ്ടുപോകാന്‍ ശ്രമിച്ചു. ബലം കുറഞ്ഞ കരങ്ങള്‍ തന്നെ മുറിയിലേക്ക് തള്ളിക്കയറ്റാന്‍ ശ്രമിക്കുന്നതിനിടയില്‍, ആന്‍സി അഴികള്‍ക്കിടയിലൂടെ ആ കാഴ്ച കണ്ടു… പൂക്കള്‍ കൊണ്ട് മനോഹരമാക്കിയ ശവമഞ്ചത്തില്‍ ആരോ നടത്തുന്ന കാല്‍വരി യാത്ര! ക്ഷണനേരം കൊണ്ട് വിടര്‍ന്നുചുരുങ്ങിയ ആന്‍സിയുടെ മിഴികള്‍ സാവധാനം ഈറനണിഞ്ഞു.
ദിവസങ്ങള്‍ പലത്ത് കഴിഞ്ഞിട്ടും ആന്‍സിയുടെ മനസ് അസ്വസ്ഥമായിരുന്നു. പരിത്യാഗത്തിന്റെ വൃതങ്ങള്‍ പരിശീലിച്ച ആ സന്യാസിനി അപ്രതീക്ഷിതമായ വേര്‍പാടിന്റെ വേദനയില്‍ വിയര്‍പ്പുമുട്ടുകയായിരുന്നു. ഒന്നിലും ശ്രദ്ധിക്കാന്‍ കഴിയാതെ അവര്‍ കൂടുതല്‍ സമയവും മുറിയില്‍ തന്നെ കഴിച്ചുകൂട്ടി. രാവിലെ കുര്‍ബാന കഴിഞ്ഞ് ചാപ്പലില്‍ നിന്നിറങ്ങിയാല്‍ അവര്‍ മഠത്തിലെ ജോലികളില്‍ മാത്രം മുഴുകി. വര്‍ഗീസച്ചന്റെ അസാന്നിധ്യം പ്രതിധ്വനിക്കുന്ന ആ ക്ലര്‍ജി ഹോമിലേക്ക് കണ്ണുകള്‍ പോകുന്നതുതന്നെ സിസ്റ്റര്‍ ആന്‍സിയ്ക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. ആന്‍സിയുടെ അസുഖകരമായ ഈ പെരുമാറ്റങ്ങള്‍ ഉള്‍ക്കൊള്ളാന്‍ പലര്‍ക്കും കഴിയാതെ പോയെങ്കിലും, മഠത്തിലെ മദര്‍ ആന്‍സിയെ സ്നേഹപൂര്‍വം സമാധാനിപ്പിച്ചു.
വര്‍ഗീസച്ചന്റെ പെട്ടെന്നുള്ള ദേഹവിയോഗം ഏല്‍പ്പിച്ച മുറിപ്പാടില്‍ നിന്ന് സാവധാനം മോചിതയാകാന്‍ ശ്രമിക്കുമ്പോഴാണ് അവറാച്ചന്‍ പതിവില്ലാതെ ആന്‍സിയെ കാണാന്‍ കോണ്‍വെന്റില്‍ എത്തുന്നത്. വര്‍ഗീസച്ചന്റെ മുറി വൃത്തിയാക്കിയ കൂട്ടത്തില്‍ ഉപേക്ഷിക്കപ്പെട്ട ചില പുസ്തകങ്ങള്‍ ആന്‍സിയെ ഏല്‍പ്പിക്കുകയായിരുന്നു അയാളുടെ ഉദ്ദ്യേശം. ആന്‍സിയ്ക്ക് അച്ചനോടുണ്ടായിരുന്ന സ്നേഹവും മതിപ്പും അറിയാമായിരുന്ന അവറാച്ചന്‍ പുസ്തകങ്ങള്‍ സിസ്റ്ററിനെ ഏല്‍പ്പിച്ചു, പീലിക്കണ്ണുകള്‍ പോലെ ഓര്‍മ്മയില്‍ സൂക്ഷിക്കാന്‍. കാലപ്പഴക്കം കൊണ്ടും നിരന്തര ഉപയോഗം കൊണ്ടും ജീര്‍ണ്ണിച്ച പുസ്തകക്കെട്ടുകള്‍ വാങ്ങുമ്പോള്‍ ആന്‍സിയുടെ മനസില്‍ ആ തണുത്ത പ്രഭാതത്തിന്റെ ചൂടുള്ള ഓര്‍മ്മകള്‍ തെളിഞ്ഞു. അവ ബാഷ്പകണങ്ങളായി ഇറ്റിറ്റുവീഴുമ്പോള്‍ അവറാച്ചന്‍ മാത്രം മൂകസാക്ഷിയായി.
“ഞാനൊരു പടക്കുതിരയാണ്…! കാഴ്ചകള്‍ കെട്ടിയടയ്ക്കപ്പെട്ട ഉഗ്രപ്രതാപിയായ കരിങ്കുതിര.” പുസ്തകക്കെട്ടുകള്‍ക്കിടയില്‍ നിന്ന് കിട്ടിയ ഡയറിയില്‍ വര്‍ഗീസച്ചന്‍ കുറിച്ച വരികളിലൂടെ ആന്‍സിയുടെ മിഴികള്‍ സഞ്ചരിച്ചു. “ജനനിബിഡമായ വഴികളിലൂടെയുള്ള എന്റെ യാത്രകള്‍ എപ്പോഴും ഏകാന്തത്ത നിറഞ്ഞതാണ്, പുഴയുടെ പുളിപ്പും മധുരവും ഉറിഞ്ചിക്കുടിക്കാതെ സമുദ്രത്തിലേക്ക് യാത്ര ചെയ്യുന്ന കാട്ടുതടി പോലെ! വഴിയോരങ്ങളിലെ പുകപടലങ്ങള്‍ എന്നെ അലട്ടുന്നുണ്ടെങ്കിലും അവ എന്നെ ശ്വാസം മുട്ടിക്കുന്നില്ല. തെരുവുകളിലെ വര്‍ണ്ണ വൈരുദ്ധ്യങ്ങള്‍ നേത്രപടലത്തില്‍ പതിക്കുന്നുണ്ടെങ്കിലും അവയും എന്നെ സ്വാധീനിക്കുന്നില്ല. ഇന്ദ്രിയങ്ങള്‍ മരവിപ്പിക്കുന്ന ദാരുണ ദൃശ്യങ്ങള്‍ രണഭൂമികളില്‍ തുടരെതുടരെ കണ്ടതുകൊണ്ടാവാം, എന്റെ കണ്‍കളില്‍ ചോര പണ്ടേ വറ്റിയതുപോലെ. മണല്‍ക്കാറ്റ് വീശുമ്പോഴും തുറന്നുവയ്ക്കാന്‍ പ്രാപ്തമായ കണ്ണുകള്‍… തൊണ്ട പൊട്ടിക്കുന്ന അലമുറകള്‍ കേട്ടാലും വിറയ്ക്കാത്ത കാതുകള്‍… ഏതൊരു പ്രത്യാക്രമണത്തെയും ചെറുത്തുനില്‍ക്കാന്‍ കഴിയുമാറ് പരീശീലനവും മെയ്‌വഴക്കവും സമ്പാദിച്ച പോരാളി. എന്നിട്ടും, തനിക്കൊപ്പം സഞ്ചരിക്കാന്‍, സ്വന്തമെന്ന് ചൂണ്ടിക്കാട്ടാന്‍ അദൃശ്യനും നിസംഗതനുമായ ദൈവമല്ലാതെ മറ്റാരുമില്ലെന്ന ഭീതികരമായ ശൂന്യത എന്നെ അലട്ടാന്‍ തുടങ്ങിയിരിക്കുന്നു. ഏതോ പ്രവാഹത്തിലകപ്പെട്ട് ലക്ഷ്യവും മാര്‍ഗവും തെറ്റിയതുപോലെ!” വര്‍ഗീസച്ചന്റെ വാക്കുകളില്‍ അവ്യക്തമായ എന്തോ ഒന്ന് പ്രതിഫലിക്കുന്നതായി സിസ്റ്റര്‍ ആന്‍സിയ്ക്ക് തോന്നി. അവര്‍ താളുകള്‍ മറിച്ചു.
“ചോര തിളക്കുന്ന യൗവനവും, ഒരു പുരുഷായുസ് മുഴുവനും വിശ്വസിക്കാന്‍ ശ്രമിച്ച സങ്കല്‍പ്പങ്ങളും വാക്കുകള്‍ക്കതീതമായ ആശയങ്ങള്‍ക്കുമായി ഉഴിഞ്ഞുവച്ചിട്ടും, ജീവിതം എങ്ങും എത്താത്തതുപോലെ! മാനുഷികമായ അനിവാര്യതകളെ തൃപ്തിപ്പെടുത്താന്‍ അദൃശ്യശക്തികള്‍ക്കും തത്വസംഹിതകള്‍ക്കും എത്രനാള്‍ സാധിക്കും? ലൗകികമായ സുഖങ്ങള്‍ക്കുവേണ്ടിയുള്ള, അവ നഷ്ടപ്പെടുത്തിക്കളഞ്ഞതിലുള്ള പരോക്ഷമായ കുറ്റസമ്മതമോ, അതൃപ്തമായ മനസിന്റെ വികാരവിക്ഷേപണങ്ങളോ അല്ലിത്. ചില പരിഭവങ്ങള്‍…, പുലമ്പലുകള്‍… അത്രമാത്രം.” വര്‍ഗീസച്ചന്റെ വരികള്‍ക്കിടയിലൂടെ വായിക്കാന്‍ ആന്‍സി ശ്രമിച്ചു.
“കര്‍ത്താവിന്റെ പൗരോഹിത്യത്തില്‍ ഭാഗഭാക്കുവാകാന്‍ സാധിച്ച സുദീര്‍ഘമായ അഞ്ച് പതിറ്റാണ്ടുകള്‍… ഓര്‍മ്മകള്‍ക്ക് എത്ര മധുരം! യൗവനത്തിന്റെ കൊടുമുടിയില്‍ വച്ച് മനുഷ്യപ്രകൃതിയ്ക്ക് വൈരുദ്ധ്യമെന്ന് തോന്നാവുന്ന വൃതവാഗ്ദാനങ്ങള്‍ നെഞ്ചിലേറ്റി വൈദീകപ്പട്ടം സ്വീകരിച്ച ആ പുണ്യദിനം, 1951 മേയ് 4. അപ്പന്റെയും അമ്മച്ചിയുടെയും പള്ളിയങ്കണത്തില്‍ തടിച്ചുകൂടിയ ജനസഹസ്രങ്ങളുടെയും മുന്നില്‍ വച്ച്, ആവേശകരമായ തിരുബലി മധ്യേ, മെത്രാപ്പോലിത്തയില്‍ നിന്ന് വൈദീകപട്ടം സ്വീകരിക്കുമ്പോള്‍ ലോകത്തിന്റെ നെറുകയിലെത്തിയതുപോലെ…! സഭാമക്കളില്‍ നിന്ന് ആശീര്‍വാദങ്ങള്‍ ഏറ്റുവാങ്ങി ഇടവകപ്പള്ളിയില്‍ ദിവ്യബലിയര്‍പ്പിച്ച മേയ് 5. പ്രാര്‍ത്ഥനയുടെ സ്വര്‍ഗീയ പ്രതിധ്വനികള്‍ കര്‍ണ്ണപുടത്തില്‍ ഏറ്റുവാങ്ങി അള്‍ത്താരയിലേക്ക് ചുവടുവയ്ക്കുമ്പോള്‍ സമൂഹം നല്‍കിയ പൈന്തുണ എന്റെ ആത്മാവേശം ഉച്ചകോടിയിലെത്തിച്ചതു ഞാന്‍ ഇന്നും ഓര്‍ക്കുന്നു. ലോകരക്ഷകന്റെ തിരുവുടലും രക്തവുമായി മാറിയ അപ്പവും വീഞ്ഞും ജനസഹസ്രങ്ങള്‍ക്ക് മുന്നില്‍ ആദ്യമായി ഉയര്‍ത്തിപ്പിടിച്ചപ്പോള്‍ ഞാനുഭവിച്ച സായൂജ്യം വാക്കുകള്‍ക്ക് വര്‍ണ്ണിക്കാന്‍ കഴിയുമോ? എല്ലാം ഇന്നലെ കഴിഞ്ഞത് പോലെ!”
“പള്ളിമുറ്റത്ത് അന്ന് തടിച്ചുകൂടിയ ജനക്കൂട്ടത്തില്‍ ഇന്ന് തന്നോടൊപ്പം അവശേഷിക്കുന്നവര്‍ കുറയും. ഓരോരുത്തരും പല സന്ദര്‍ഭങ്ങളില്‍ വാങ്ങിപ്പോയി. അപ്പന് പിന്നാലെ അമ്മച്ചി, വല്യച്ചന്‍, പിന്നെ കുഞ്ഞച്ചന്‍… അങ്ങനെ പലരും! അങ്ങനെ താന്‍ സ്നേഹിക്കുകയും ആദരിക്കുകയും ചെയ്ത എത്രയെത്ര മുഖങ്ങള്‍. ഇനി എന്റെ ഊഴം. എന്റെ മാത്രം! സമീപസ്ഥമായ മരണത്തെ കുറിച്ചുള്ള വ്യാകുലതകള്‍ എന്നെ അലട്ടിത്തുടങ്ങിയിട്ടില്ല. എങ്കിലും, ഈ ക്ലര്‍ജി ഹോമിലെ ഏകാന്തത്ത എന്നെ മരണത്തോളം പീഡിപ്പിക്കുന്നു. പതിറ്റാണ്ടുകളോളം സ്തുതിപാഠകരായി പിന്നാലെ നടന്നവര്‍ എവിടെ? വര്‍ഗീസിന്റെ കുര്‍ബാനകളും പ്രസംഗവും പ്രവര്‍ത്തനശെയിലികളും ആസ്വദിച്ചവര്‍ എവിടെ? അസ്തമസൂര്യന്റെ അരണ്ട വെളിച്ചത്തില്‍ എനിക്ക് കാണാന്‍ കഴിയുന്നത് വിജനമായ പള്ളികളും, ആള്‍പ്പെരുമാറ്റമില്ലാത്ത ശ്മശാനങ്ങളും മാത്രം. വര്‍ഗീസിന്റെ കാര്‍മ്മികത്വങ്ങളും നേതൃത്വങ്ങളും എന്നേ വിസ്മൃതിയിലാണ്ടുകഴിഞ്ഞു.”
“ക്ലര്‍ജി ഹോമിന്റെ ചുവരുകള്‍ക്കുള്ളില്‍ അകപ്പെട്ടിട്ട് ഇന്ന് ആറ് വര്‍ഷം തികയുന്നു. ഇടവക ഭരണം മതിയാക്കാന്‍ മെത്രാന്‍ ആവശ്യപ്പെടുമെന്ന് കരുത്തിയതല്ല, എങ്കിലും കല്‍പ്പന അനുസരിച്ചല്ലേ പറ്റൂ. കാല്‍ നൂറ്റാണ്ട് നീളുന്ന വൈദീകവൃത്തിക്ക് വിരാമമിടാന്‍ എത്തിയ തിരുമനസും ദൈവജനവും കൈകളില്‍ പൂച്ചെണ്ടും മാലയും ഏല്‍പ്പിച്ച് അവരവരുടെ വഴിക്ക് പോയി. പ്രായാധിക്യം മൂലം ക്ഷീണിച്ച ശരീരവും യുവത്വം നഷ്ടമാവാത്ത ചിന്തകളുമായി ക്ലര്‍ജി ഹോമിലേക്ക് വണ്ടി കയറുമ്പോള്‍ ഇനിയെന്ത് എന്ന ചോദ്യം മനസിനെ അലട്ടുന്നുണ്ടായിരുന്നു.”
“കുഞ്ഞച്ചന്റെ കൈയ്യില്‍ പിടിച്ച് ക്ലര്‍ജി ഹോമിലെ പടികള്‍ കയറുമ്പോള്‍ മോണ കാട്ടി സ്വീകരിക്കാന്‍ അന്നുണ്ടായിരുന്ന വായോദികരെല്ലാം കര്‍ത്താവില്‍ നിദ്രപ്രാപിച്ചിട്ട് കാലങ്ങള്‍ ഏറെ കഴിഞ്ഞിരിക്കുന്നു. കുഴിമാടത്തിലേക്കുള്ള എന്റെ അവസാന സ്ഥലം മാറ്റവും കാത്ത് ശിഷ്ടകാലം കഴിച്ചുകൂട്ടേണ്ട ഈ മുറിയില്‍ സാധനങ്ങള്‍ ക്രമീകരിച്ചുകഴിഞ്ഞ് യാത്ര ചൊല്ലിപ്പിരിയുമ്പോള്‍ കുഞ്ഞച്ചന്‍ പറഞ്ഞ വാക്കുകള്‍ ഇന്നും എന്റെ കാതുകളില്‍ മുഴുങ്ങുന്നു. ജ്യേഷ്ഠനെ വീട്ടിലേക്ക് ഉടന്‍ കൂട്ടിക്കൊണ്ട് പോകുമെന്നും ശിഷ്ടകാലം ഇടവകപ്പള്ളിയില്‍ കുര്‍ബാനയര്‍പ്പിക്കാമെന്നുമുള്ള അവന്റെ വാഗ്ദാനങ്ങള്‍ ഒന്നും നടന്നില്ല. രോഗാതുരനായ ഒരു പടുകിഴവനെ ശുശ്രൂഷിക്കാനുള്ള മഹാമനസ്ക്കതയൊന്നും അവന്റെ മക്കളോ മരുമക്കളോ കാണിച്ചിട്ടുണ്ടാവില്ല! മാസത്തില്‍ രണ്ട് തവണ കുഞ്ഞച്ചന്‍ എന്നെ കാണാന്‍ എത്തുമായിരുന്നു, നിറഞ്ഞ പുഞ്ചിരിയുമായി. അവന്റെ മരണത്തോടെ അതും നിന്നു. ജന്മം നല്‍കിയ കുടുംബത്തില്‍ എന്നെ ഓര്‍ക്കാന്‍ ഉണ്ടായിരുന്ന അവസാന കണ്ണിയും അതോടെ വേരറ്റുപോയി. ഈ ജീവിതസായാഹ്നത്തില്‍ എനിക്കിനി ചുറ്റും അപരിചിതര്‍ മാത്രം! നിങ്ങള്‍ക്ക് നല്‍കാന്‍ എന്റെ പക്കല്‍ യുവത്വമില്ല, ധമനികളില്‍ ചുടുചോരയുമില്ല. വാര്‍ദ്ധക്യത്തിലെത്തിയ മാതാപിതാക്കളെ വലിച്ചെറിഞ്ഞ മക്കളെ പോലെ എന്റെ ജനവും എന്നെ ഉപേക്ഷിച്ചു, ഉപയോഗശൂന്യമായ കടലാസുപോലെ!
“ഇനിയും എത്രനാള്‍? ജീവനുള്ള കാലം വരെ, മരണം വരെ! അതുവരെ, ദൈവം തന്നിലൂടെ ചെയ്ത നന്മകളെ വീണ്ടും വീണ്ടും ഓര്‍ക്കാം, ഇടയനെ ഉപേക്ഷിച്ച ആടുകള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കാം….” തുടര്‍ന്നുള്ള വരികള്‍ മഷി പടര്‍ന്ന് അവ്യക്തമായിരുന്നു. ആന്‍സി പുസ്തകം അടച്ചു. പിന്നെ, ഏറെ നേരം ശവമഞ്ചം കൊണ്ടുപോയ വഴിയുടെ അനന്തത്തയിലേക്ക് നോക്കിനിന്നു, അടുത്ത ഊഴം കാത്തിരിക്കുന്ന ബലി മൃഗത്തിന്റെ വേദനയോടെ!
Related Posts:
- വെള്ളിമോതിരം
- എബിയുടെ പള്ളിയുറക്കം
- ഒരു ഒളിച്ചോട്ടത്തിന്റെ കഥ
- ശരത്തിന്റെ കുഞ്ഞമ്മ
- എന്റെ ബാല്യകാലസഖി

nalla narrative aya style..ishtaayi
ശരിക്കും ഒരുപാട് നൊസ്റ്റാള്‍ജിയ ഫീലായി നന്ദി വളരെ നന്ദി
എവിടെയോ, എന്തൊക്കെയോ തേങ്ങലുകള്‍ നിന്നു വിങ്ങുന്നു. കോട്ടയത്ത് നമ്മുടെ വീടിനടുത്തൊരു പള്ളിയുണ്ട്, അതിനോടനുബന്ധിച്ച് പ്രായമായ അച്ഛനമാര്‍ താമയിക്കുന്ന ഒരു മേടയും. ഒരു ചാപ്പലും ഒരു ക്ലര്‍ജിഹോമും അടുത്തൊരു കന്യാസ്ത്രീമഠവും.ഇതു വായിച്ചപ്പോള്‍ എന്റെ മനസ്സുമുഴുവന്‍ അവിടെചുറ്റിക്കറങ്ങിയിരുന്നു. കുട്ടിക്കാലത്ത് നാടുചുറ്റാനിറങ്ങുമ്പോള്‍ ഹിന്ദുവായ എന്റെ വീട്ടില്‍ കൈയ്യുംപിടിച്ച് കയറിവരുന്ന ഒരു പ്രായമായ വെളുത്ത അച്ഛനുണ്ടായിരുന്നു. ജീവിച്ചിരുപ്പുണ്ടോ ആവോ! ഉണ്ടാവാന്‍ സാധ്യതയില്ല, നീണ്ട പതിനഞ്ചുവര്‍ഷങ്ങള്‍…………..കര്‍ത്താവില്‍ നിദ്രപ്രാപിച്ച് അദ്ദേഹം എന്നേ മറഞ്ഞുകാണും……….ഓര്‍മ്മകളുടെ ഉറവ ഒരിക്കലും വറ്റില്ല….വീണ്ടും വീണ്ടും നിര്‍ഗളിച്ചുകൊണ്ടേയിരിക്കും…