വെള്ളിമോതിരം
Posted on 12. Oct, 2009 by സേതുലക്ഷ്മി in Stories

സഹദേവന് പതിവുപോലെ അന്നും ആല്‍ത്തറയിലെത്തി. ഗോവിന്ദേട്ടന്റെ ചായക്കടയില്‍ അത്രയും നേരം പത്രം വായിച്ചിരിക്കുകയായിരുന്ന കുമാരന്‍ സഹദേവനെ കണ്ട മാത്രയില്‍ പേപ്പര്‍ മടക്കി അടുത്തിരുന്നയാളെ ഏല്‍പ്പിച്ച്, ബാക്കിയുണ്ടായിരുന്ന ചായ ഒറ്റവലിക്ക് കുടിച്ചുതീര്‍ത്ത്, ധൃതിയില്‍ എഴുന്നേറ്റു. “കാശുണ്ടോ സഹദേവാ ഇരുനൂറ് രൂപ കടം തരാന്‍?” പുറത്തിറങ്ങിയ കുമാരന്‍ സൌമ്യരൂപേണ ആരാഞ്ഞു. കുമാരന്റെ അര്‍ത്ഥം വച്ചുള്ള നോട്ടവും അപേക്ഷയും കണ്ട് എന്തുപറയണമെന്നറിയാതെ സഹദേവന്‍ ഒരു നിമിഷം പരുങ്ങി. രണ്ട് മാസം മുമ്പ് തന്റെ കൈയ്യില്‍ നിന്ന് എണ്ണിവാങ്ങിയ ആയിരം രൂപ എത്രയും വേഗം തിരിച്ചുതരണമെന്ന കുമാരന്റെ പരോക്ഷമായ ആവശ്യം സഹദേവന്റെ മുഖത്തെ നിസഹായതയാര്‍ന്ന പുഞ്ചിരിയായി സാവധാനം പരിണമിച്ചു. “കാശില്ല ചേട്ടാ!” സഹദേവന്റെ ജാള്യത കലര്‍ന്ന പ്രതികരണം വായുവില്‍ പ്രസരിക്കുന്നതിന് മുമ്പേ കുമാരന്‍ നടന്നുതുടങ്ങിയിരുന്നു, ‘ഇനിയൊന്നും താന്‍ പറയണ്ടടോ’ എന്ന മട്ടില്‍! “കൈയ്യിലഞ്ച് കാശ് ഒത്തുവന്നാല്‍ കുമാരേട്ടന്റെ കടം ആദ്യം തീര്‍ക്കണം.” സഹദേവന്‍ നെടുവീര്‍പ്പിട്ടു. പിന്നെ ചായക്കടയിലേക്ക് കയറി.
“ഗോവിന്ദേട്ടാ… ഒരു കട്ടന്‍.” ചായക്കടയുടെ അധികം പൊക്കമില്ലാത്ത കൂര തട്ടുമാറ് ഉയര്‍ത്തി ചായ അടിക്കുകയായിരുന്ന ഗോവിന്ദന്‍ നായര്‍ തൂങ്ങിക്കിടന്ന വാഴക്കുലകള്‍ക്കിടയിലൂടെ സഹദേവനെ നോക്കി. “ങാ, സഹദേവാ! നീയിങ്ങ് വന്നേ, എനിക്കൊരു കാര്യം പറയാനുണ്ട്.” ഗ്ളാസുകള്‍ താഴെ വച്ച് ഗോവിന്ദന്‍ സഹദേവനെ നാലഞ്ച് കുലകള്‍ തൂങ്ങുന്ന ചെറിയ കലവറയിലേക്ക് കൊണ്ടുപോയി.
“ചോദിക്കുന്നതുകൊണ്ട് വിഷമം തോന്നരുത്! വേറെ വഴിയില്ലാത്തതുകൊണ്ടാണ്. പാലിന്റെ കാശും, പറ്റും ചേര്‍ത്ത് എഴുനൂറ്റിയന്‍പത് രൂപയാണ് തന്റെ അക്കൌണ്ടിലുള്ളത്. തന്റെ അവസ്ഥ അറിയാന്‍ പാടില്ലാത്തതുകൊണ്ടല്ല. നിനക്ക് ശകുന്തളയെ അറിയാല്ലോ! അവള്‍ എന്നെ ഇരുത്തിപ്പൊറുപ്പിക്കുന്നില്ല. തരാനുള്ള കാശിന്റെ പകുതിയെങ്കിലും കിട്ടാതെ നിന്റെ വീട്ടില്‍ പാല്‍ കൊടുക്കണ്ടെന്ന വാശിയിലാണവള്‍. എങ്ങനെയെങ്കിലും കാശ് കൊടുക്കാനുള്ള ഏര്‍പ്പാട് ചെയ്യുന്നതാണ് നമ്മുക്ക് രണ്ടാള്‍ക്കും നല്ലത്.” ഗോവിന്ദന്‍ നായരുടെ വാര്‍ദ്ധക്യം ബാധിച്ച കണ്ണുകളില്‍ സഹതാപത്തിന്റെ ആര്‍ദ്രത സഹദേവന് കാണാമായിരുന്നു. “രണ്ട് ദിവസത്തിനുള്ളില്‍ കാശെത്തിക്കാം, ഗോവിന്ദേട്ടാ!” സഹദേവന്‍ പറഞ്ഞു.
സഹദേവനെ തോളില്‍ തട്ടി സമാശ്വസിപ്പിച്ച ശേഷം ഗോവിന്ദന്‍ നായര്‍ മുറിക്ക് പുറത്തിറങ്ങി. “സാറിവിടെ ഉണ്ടായിരുന്നാ! ഞാന്‍ കരുതി വല്ല നാടാത്തിപ്പെണ്ണുങ്ങളുടെയും കൂടെ അടുക്കള വാരാന്‍ പോയിരിക്കൂന്ന്്!” മുട്ടന്‍ പൂവന്‍പഴത്തിന്റെ കുല തോളില്‍ നിന്നിറക്കി ശകുന്തള പുശ്ചസ്വരത്തില്‍ പറഞ്ഞു. “ഹല്ല, ഇതാര്…. സഹദേവനാ?” ഗോവിന്ദന്‍ നായരുടെ പുറകേയെത്തിയ സഹദേവനും ശകുന്തളയുടെ മുന്നില്‍ കുടുങ്ങി. “സഹദേവോ… തന്നെ കടയിലെങ്ങും കാണാനേയില്ലല്ലോ! എന്തുപറ്റി?” ശകുന്തള നീട്ടിചോദിച്ചു, പിന്നെ വായില്‍ കിടന്നരയുന്ന മുറുക്കാന്‍ വിജാവിരി ഒടിഞ്ഞ ജാനലയിലൂടെ പുറത്തേക്ക് തുപ്പി. “ഒരു ജോലിയുടെ കാര്യത്തിനായി അല്‍പ്പം തിരക്കലായിരുന്നു.” “ജ്വാലികളൊക്കെ കിട്ടിക്കഴിഞ്ഞാല്‍ ഈ പാവങ്ങളെ മറന്നേക്കരുത്!” സഹദേവനെ അടിമുടി നോക്കി ശകുന്തള പറഞ്ഞു. അവളുടെ നാവില്‍ ഉപ്പും പിളിയും തേയ്ക്കാന്‍ നില്‍ക്കാതെ സഹദേവന്‍ സാവധാനം ചായക്കടയുടെ പുറത്തേയ്ക്ക് വലിഞ്ഞു.
എട്ടരയ്ക്കുള്ള വണ്ടിയും പ്രതീക്ഷിച്ച് ആല്‍ത്തറയില്‍ നില്‍ക്കുന്ന യാത്രക്കാരുടെ തിരക്കിനിടയില്‍ നിന്ന് സൌദാമിനി സഹദേവനെ നോക്കി പുഞ്ചിരിച്ചു. ചായക്കടയിലെ നടന്ന ചവിട്ടുനാടകത്തിന്റെ തല്‍സമയ സംപ്രേക്ഷണം സൌദാമിനി കണ്ടുകാണുമോ എന്ന ചളിപ്പ് മറച്ചുപിടിച്ച്, പ്രശ്നമൊന്നുമില്ല എന്ന് വരുത്തിത്തീര്‍ക്കാന്‍ പാകത്തില്‍ ഒരു ചിരിയും പാസാക്കി, സഹദേവന്‍ അവളുടെ സമീപത്തേക്ക് നടന്നു.
“ഇന്നല്‍പ്പം നേരത്തെയാണല്ലോ സൌദാമിനി?”
“നേരത്തെ ചെന്നിട്ട് അല്‍പ്പം ജോലിയുണ്ടായിരുന്നു.”
“ചില കല്യാണാലോചനകള്‍ വരുന്നുണ്ടെന്ന് കേട്ടു! ഉള്ളതാണോ?”
“ങാ.. ആലോചനകള്‍ വരുണുണ്ട്.”
“അപ്പോ ഈ ചിങ്ങത്തിന് നല്ലൊരു സദ്യ പ്രതീക്ഷിക്കാം, ല്ലേ?”
“ഒന്നിനും ഇതുവരെ തീരുമാനമായിട്ടില്ല. ജോലി കിട്ടിയതല്ലേയുള്ളൂ. അതൊന്ന് സ്ഥിരമായിക്കഴിഞ്ഞിട്ടേയുള്ളൂ കല്യാണം.”
“സൌദാമിനിയുടെ അച്ഛനല്ലേ കക്ഷി! താന്‍ പിടിച്ച മുയലിന് മൂന്ന് കൊമ്പെന്ന അദ്ദേഹത്തിന്റെ സ്വഭാവം വച്ച് നോക്കുമ്പോള്‍ ചിങ്ങം താണ്ടില്ലെന്ന് ഉറപ്പ്.”
“ങും. എല്ലാം ഒത്തുവന്നാല്‍ ആലോചിക്കാം.”
ഇരുവരുടെയും സംഭാഷണത്തിന് പൂര്‍ണ്ണവിരാമം നല്‍കികൊണ്ട് ബസ് എവിടെ നിന്നോയെന്ന പോലെ പാഞ്ഞെത്തി. “സൌദാമിനി ഒരു മിനിറ്റ്.” ബസില്‍ കയറാന്‍ തുടങ്ങിയ സൌദാമിനിയെ ഭവ്യമായി സഹദേവന്‍ പിടിച്ചുനിര്‍ത്തി. “കാശുണ്ടെങ്കില്‍ ഒരു ഇരുനൂറ് രൂപ കടം തരാമോ? ചോദിക്കാന്‍ വേറെയാരും ഇല്ലാത്തതുകൊണ്ടാ!” ചമ്മല്‍ ഒരുവിധം മറച്ചുപിടിച്ച് സഹദേവന്‍ കേട്ടു. “അയ്യോ! അത്രയും കാശ് എന്റെ കൈയ്യില്‍ ഇപ്പോ ഇല്ലല്ലോ ദേവേട്ടാ!” “ഉള്ളത് മതി. ബാക്കി വൈകിട്ട് തന്നാലും മതി.” കൈയ്യിലുണ്ടായിരുന്ന അന്‍പതിന്റെ നോട്ട് സഹദേവനെ ഏല്‍പ്പിച്ച ശേഷം സൌദാമിനി വേഗം ബസിലേക്ക് കയറി. ആല്‍ത്തറയാകെ പുകപടലങ്ങള്‍ പറത്തി, യാത്രക്കാരുമായി ഓടിയകലുന്ന വാഹനത്തെ സഹദേവന്‍ ഒരല്‍പ്പനേരം നോക്കി നിന്നു. പിന്നെ, മുണ്ട് മടക്കിക്കുത്തി ക്ഷേത്രക്കുളത്തിനരികിലൂടെയുള്ള ഇടവഴിയിലൂടെ വീട്ടിലേക്ക് തിരിച്ചു.
“എന്താ സഹദേവാ… ചായകുടിയും പത്രം വായനയും നേരത്തേ കഴിഞ്ഞോ?” – പിന്നില്‍ നിന്നുള്ള ചോദ്യം കേട്ട് സഹദേവന്‍ തിരിഞ്ഞു. മുന്നില്‍ നിന്ന് പല്ലിളിക്കുന്ന ജോസഫ് മുതലാളി! “ങ്ഹാ…” സഹദേവന്‍ ചളിപ്പോടെ തലകുലുക്കി. “വീട്ടിലേക്കായിരിക്കും?” “അതേ.” – സഹദേവന്‍ പറഞ്ഞു. “മൂന്ന് മാസത്തെ പലിശ കിട്ടാനുണ്ടെല്ലോ സഹദേവാ! തന്നെയാണെങ്കില്‍ ഇപ്പൊ കവലയിലെങ്ങും കാണാറുമില്ല.” “ഒരു സ്ഥലം വരെ പോകാനുണ്ടായിരുന്നു.” “ങും… കാശ് റെഡിയാവുമ്പോള്‍ കടയില്‍ ഏല്‍പ്പിച്ചാല്‍ മതി. പിന്നെ, ആവശ്യമെന്തെങ്കിലും ഉണ്ടെങ്കില്‍ ചോദിക്കാന്‍ മടിക്കണ്ട. വീടിന്റെയോ മറ്റോ പ്രമാണം മാത്രം മതി. ഒരു ലക്ഷം വരെ തരാന്‍ ജോസഫ് തയാറാണ്. എന്നാ ശരി. വൈകിട്ട് കാണാം.” കറുത്ത ബാഗ് കക്ഷത്തിടുക്കി വരമ്പത്തുകൂടി നടന്നകലുന്ന ജോസഫ് മുതലാളിയെ നോക്കി സാമാന്യം ഇടതൂര്‍ന്ന തന്റെ താടി ചൊറിഞ്ഞ് സഹദേവന്‍ അല്‍പ്പനേരം നിന്നു.
വീട്ടിലെത്തുമ്പോള്‍ ഉമ്മറം ശൂന്യമായിരുന്നു. “രാധേ…!” കിണറ്റില്‍ നിന്ന് വെള്ളം കോരി കൈയ്യും മുഖവും കഴുകുന്നതിനിടയില്‍ സഹദേവന്‍ വിളിച്ചു. “എത്തിയോ… ഇന്നെന്താ ഇത്ര നേരത്തേ?” – സഹദേവന്റെ ഇളയസഹോദരി രാധ പൂമുഖത്ത് മുഖം കാണിച്ചു. ഉണ്ടക്കണ്ണുകളും ചുരുണ്ട മുടിയുമുള്ള വെളുത്ത് പൊക്കം കുറഞ്ഞ ഒരു പാവാടക്കാരി. “പണം കിട്ടിയോ ചേട്ടാ” “ങും” സഹദേവന്‍ മൂളി. “കഴിക്കാന്‍ വല്ലതുമുണ്ടെങ്കില്‍ എടുക്ക്. എനിക്ക് വിശക്കുന്നു.” ഉടുപ്പ് മാറ്റി അടുക്കളയിലെ അധികം പൊക്കമില്ലാത്ത പലകയില്‍ സഹദേവന്‍ കുത്തിയിരുന്നു. “കഞ്ഞി ആയിട്ടില്ല. പഴങ്കഞ്ഞിയെടുക്കട്ടേ?” “അച്ചാറും കൂടിയെടുത്തോ.” ഇരുളടഞ്ഞ അടുക്കളയില്‍ തങ്ങിനിന്ന മൂകതയെ തൊട്ടുനക്കി സഹദേവന്‍ പഴങ്കഞ്ഞി ആര്‍ത്തിയോടെ വാരിക്കഴിച്ചു. ഉപ്പല്‍പ്പം കുറവായിരുന്നു. എങ്കില്‍ ഒന്നും ആവശ്യപ്പെട്ടില്ല.
“നിന്റെ കൈയ്യില്‍ പണയം വയ്ക്കാന്‍ വല്ലതുമുണ്ടോ?” പഴങ്കഞ്ഞി കുടിച്ച പാത്രം രാധയെ ഏല്‍പ്പിച്ച് സഹദേവന്‍ തിരക്കി. “ആകെയുണ്ടായിരുന്ന സ്വര്‍ണ്ണക്കമ്മല്‍ നാല് മാസം മുമ്പ് ജോസഫ് മുതലാളിയുടെ പലിശ കൊടുക്കാന്‍ ഏട്ടന്‍ തന്നെയല്ലേ വിറ്റത്!” രാധയുടെ മറുപടിയില്‍ പരിഭവം പ്രസരിച്ചു. “ങും.” എന്തോ ഓര്‍ത്തെടുത്തതുപോലെ സഹദേവന്‍ മൂളി. “അച്ഛനുള്ള കഞ്ഞി റെഡിയായാല്‍ ആല്‍ത്തറയില്‍ കൊണ്ടുവന്നാല്‍ മതി. ഞാനവിടെ ഉണ്ടാവും. അച്ഛന്റെ കരിമ്പടം എവിടെ?” “ഇതാ കരിമ്പടം…” “ഞാനും വരട്ടേ ആശുപത്രിവരെ?” രാധയുടെ വൈകിയെത്തിയ ചോദ്യം ഗൌനിക്കാതെ സഹദേവന്‍ ഇറങ്ങി നടന്നു.
ശകുന്തളയുടെ ഒച്ചയും ബഹളവും ദൂരെനിന്നേ കേള്‍ക്കാമായിരുന്നതിനാല്‍ സഹദേവന്‍ ഗോവിന്ദന്‍ നായരുടെ ചായക്കടയിലേക്ക് പോകാതെ ആല്‍ത്തറയില്‍ തന്നെ ഇരുന്നു, ശങ്കുണ്ണിയമ്മാവനെ കാണാന്‍ ആല്‍ത്തറയില്‍ തന്നെയിരിക്കണം. “സഹദേവനെന്താ ബസ് കാത്തിരിക്കുകയാണോ?” ജോസഫ് മുതലാളിയുടെ പരുക്കന്‍ ശബ്ദം! “ഹേയ്. അ… അതെ. ശങ്കുണ്ണിയമ്മാവനെ കാണേണ്ടതുണ്ടായിരുന്നു.” സഹദേവന്റെ ശബ്ദം പതറി. “എന്താ പ്രത്യേകിച്ച്?” “ഒന്നുമില്ല, വെറുതേ!”
“കടം വാങ്ങാനാണെങ്കില്‍ ചോദിക്കാതിരിക്കുന്നതാണ് ഭേദം. കിഴവന്റെ കൈയ്യില്‍ എവിടുന്നാ കാശ്! രാത്രി മുഴുവന്‍ ഉറക്കമിളച്ച് കാവലിരുന്നാല്‍ കിട്ടുന്ന നക്കാപ്പിച്ചകൊണ്ട് എന്താവാനാ, ല്ലേ? സഹദേവന് പണത്തിന്റെ ആവശ്യമുണ്ടെങ്കില്‍ പറയാന്‍ മറക്കരുത്, കേട്ടോ! കാര്യം ഭംഗിയായി നടക്കണമെങ്കില്‍ പലിശ നോക്കാന്‍ പാടില്ല. പിന്നെ, അച്ഛന് സുഖമില്ലെന്ന് കേട്ടു. എന്താ അസുഖം?” ജോസഫ് മുതലാളി തിരക്കി.
“നാലഞ്ച് ദിവസമായി കലശലായ പനി. ഇന്നലെ മുതല്‍ വയറ്റിളക്കവും ഛര്‍ദ്ദിയുമുണ്ട്.” “ഏതാശുപത്രിയിലാ കിടത്തിയിരിക്കുന്നേ?” “സര്‍ക്കാര്‍ ആശുപത്രിയിലാ” “ഛേയ്… ജീവനില്‍ കൊതിയുള്ളവര്‍ ഇക്കാലത്ത് സര്‍ക്കാര്‍ ആശുപത്രിയില്‍ പോവുമോ? സ്വകാര്യ ആശുപത്രികളാണ് എന്തുകൊണ്ടും ഉത്തമം. ഒന്നുമില്ലെങ്കിലും നല്ല വൃത്തിയും വെടിപ്പുമുണ്ടെല്ലോ! കാശല്‍പ്പം ചെലവാക്കിയാലും വേറെ വല്യ അസുഖങ്ങളുമായി വീട്ടില്‍ തിരിച്ചുവരണ്ടല്ലോ!” ജോസഫ് മുതലാളി വാ തുറന്ന് ഉറക്കെ ചിരിച്ചു. “ഉച്ചതിരിഞ്ഞ് എനിക്കും സര്‍ക്കാര്‍ ആശുപത്രി വരെ ഒന്ന് പോകേണ്ടതുണ്ട്. നമ്മുടെ പഴക്കാരി ജാനുവിന്റെ ഓപ്പറേഷന് കുറച്ച് കാശ് കടം ചോദിച്ചിരുന്നു. സാധിക്കുമെങ്കില്‍ സഹദേവന്റെ അച്ഛനെയും അവിടെവച്ച് കാണാം, എന്താ? ഇപ്പോ ഞാനല്‍പ്പം തിരക്കിലാ സഹദേവാ…. വൈകിട്ട് കാണാം.” സഹദേവന്റെ തോളില്‍ തട്ടി ജോസഫ് മുതലാളി അതിവേഗം നടന്നു. നിമിഷങ്ങളെണ്ണി സഹദേവന്‍ ആല്‍ത്തറയില്‍ വീണ്ടും ചടഞ്ഞുകൂടി.
അല്‍പ്പം വൈകിയാണ് ബസ് എത്തിയത്. “അച്ഛനെങ്ങനെയുണ്ട്?” ബസിറങ്ങിയയുടന്‍ അറുപത് കഴിഞ്ഞ ശങ്കുണ്ണിയമ്മാവന്‍ തിരക്കി. “അസുഖം കലശലാണ്. രക്തം പരിശോധിക്കാന്‍ കൊടുത്തിട്ടുണ്ട്. ഉച്ചയോടെ ഫലം വരും.” “നീ ആശുപത്രിയിലേക്കാണോ?” “അതെ.” “എന്നാ നീയീ കാശ് കൈയ്യില്‍ വച്ചോളൂ. ആവശ്യം വരും.” ശങ്കുണ്ണിയമ്മാവന്‍ നൂറിന്റെ രണ്ട് നോട്ടുകള്‍ സഹദേവന്റെ നേരെ നീട്ടി. കണ്ണുകള്‍ നിറഞ്ഞൊഴുകുമോ എന്ന് സഹദേവന്‍ ഭയന്നു, എങ്കിലും അതുണ്ടായില്ല. ജീവിതവ്യഗ്രതകളുടെ അത|ഷ്ണത്തില്‍ ആ അശ്രുകണങ്ങള്‍ ഞെടിയിടയില്‍ ബാഷ്പമായി കഴിഞ്ഞിരുന്നു. ശങ്കുണ്ണിയമ്മാവനെ കൃതജ്ഞതയോടെ യാത്രയാക്കി ആശുപത്രിയിലേക്കുള്ള ബസും കാത്ത് സഹദേവന്‍ നിന്നു.
കഞ്ഞിയുമായി സഹദേവന്‍ ആശുപത്രിയ്ക്കുമുന്നില്‍ വണ്ടിയിറങ്ങുമ്പോള്‍ സമയം ഒന്നര കഴിഞ്ഞിരുന്നു. ആശുപത്രി വളപ്പിലെ പുളിമരങ്ങളില്‍ നിന്ന് വീണ് കരിയിലകള്‍ അഴുകിക്കുതിര്‍ന്ന കറുത്ത മണ്ണിന്റെ പ്രത്യേക മണം സഹദേവന്റെ നാസാരന്ത്രങ്ങളിലേക്ക് ഇരച്ചുകയറി, ഒപ്പം തൊട്ടടുത്തുള്ള ഡിസ്പെന്‍സറിയില്‍ നിന്നുള്ള മരുന്നിന്റെ കടുത്ത വാസനയും. അഴുക്കും പൊടിയും പിടിച്ച് നിറം മാറിയ ബാന്‍ഡേജുകളുമായി അസംഖ്യം രോഗികള്‍ അവിടവിടെയുള്ള കെട്ടിടവരാന്തകളില്‍ കുത്തിയിരിപ്പുണ്ട്. കുഷ്ഠരോഗികള്‍ക്ക് സമാനരായ ചില രോഗികള്‍ ചെടിച്ചട്ടികളിലും, ഓടകളിലും കാര്‍ക്കിച്ച് തുപ്പുന്നു. അവരുടെ കഫത്തിന്റെ നിറം കണ്ട ചിലര്‍ മൂക്കുപൊത്തുന്നു. കൈകളില്‍ ആഹാരപദാര്‍ത്ഥങ്ങളും മരുന്നുകളുമായി കുട്ടികളും യുവതികളും പരക്കം പായുന്നു. അതിനിടയില്‍ കൈകള്‍ നീട്ടുന്ന ചില ഭിക്ഷക്കാര്‍, രോഗികള്‍…. എങ്ങും അസുഖകരമായ അന്തരീക്ഷം. മനസ് മരവിപ്പിക്കുന്ന കാഴ്ചകള്‍ക്കിടയിലൂടെ സഹദേവന്‍ അതിവേഗം നടന്ന് ജീര്‍ണ്ണത ബാധിച്ച മോര്‍ച്ചറിക്ക് മുന്നിലെ ജനറല്‍ വാര്‍ഡിലെത്തി.
“അമ്മാ… വല്ലതും തരണേ?” ദയനീയമായ ഒരു വിളിയാണ് മോര്‍ച്ചറിയിലേക്ക് സഹദേവന്റെ ശ്രദ്ധയെ ആകര്‍ഷിച്ചത്. എല്ലും തോലുമായ ഒരു ശരീരം കൈയ്യിലെ ഓട്ടുപാത്രത്തിലെ ചില്ലറകള്‍ കിലുക്കി കാല്‍നടക്കാരുടെ കാരുണ്യത്തിനായി കെഞ്ചുന്നു. അയാള്‍ അന്ധനായിരുന്നു. അയാളുടെ മുഖത്തെ അഗാധ ഗര്‍ത്തങ്ങളില്‍ രണ്ട് ഗോളങ്ങള്‍ ലക്ഷ്യമില്ലാതെ ചുറ്റിത്തിരിഞ്ഞു. കറുത്ത് കരുവാളിച്ച മുഖത്തുനിന്നുള്ള ‘അമ്മാ’ എന്ന ദീനരോദനത്തോടൊപ്പം, അയാളുടെ വായില്‍ നിന്ന് തുപ്പല്‍കണങ്ങള്‍ ബലക്ഷയം ബാധിച്ച ചുണ്ടുകള്‍ക്കിടയിലൂടെ ചുക്കിച്ചുളിഞ്ഞ നെഞ്ചിലേക്ക് ഇടക്കിടെ കിനിഞ്ഞിറങ്ങിക്കൊണ്ടിരുന്നു. അന്ധതയുടെയും അവഗണനയുടെയും പാരമ്യതയില്‍ കഴിയുന്ന ആ മനുഷ്യജന്മത്തിന്റെ ചലനദൃശ്യങ്ങള്‍ സഹദേവ നില്‍ എന്തുകൊണ്ട് അസ്വസ്ഥതയുളവാക്കി. സഹദേവന് പിന്നെ അധികനേരം അവിടെ നില്‍ക്കാന്‍ കഴിഞ്ഞില്ല.
വാര്‍ഡിലെ മുപ്പത്തിയഞ്ചാം കിടക്ക തേടിയുള്ള നടപ്പിനിടയിലും അന്ധയാചകന്റെ വിരൂപ ചേഷ്ടകള്‍ സഹദേവന്റെ മനസിലൂടെ മിന്നിമറഞ്ഞുകൊണ്ടിരുന്നു. ജീവിതത്തില്‍ ആദ്യമായിട്ടല്ല തനൊരു അന്ധനെ കാണുന്നത്. എങ്കിലും, പരസ്പരം പങ്കുവയ്ക്കുന്ന ഒരേ അസ്ഥിത്വത്തിന്റെ വകഭേദങ്ങങ്ങളിലെ വൈരുദ്ധ്യങ്ങളില്‍ സംതൃപ്തനാകാതെ സഹദേവന്റെ മനസ് മോര്‍ച്ചറിക്ക് മുന്നില്‍ ഉപേക്ഷിക്കപ്പെട്ട ആ മനുഷ്യജീവിയ്ക്ക് ചുറ്റും റോന്തുചുറ്റി. ആ ചിന്തകള്‍ക്കിടയില്‍, വാര്‍ഡിലെ ഇടുങ്ങിയ ചുവരുകള്‍ക്കിടയില്‍ അടുക്കടുക്കായി കിടക്കുന്ന രോഗികളുടെ ദീനതകളും കിടക്ക നമ്പറുകളുകളും സഹദേവന്റെ മസ്തിഷ്ക്കത്തിന്റെ മൂലയിലെവിടെയോ അവ്യക്തമായി തെളിഞ്ഞുകൊണ്ടേയിരുന്നു.
അനിവാര്യതകളില്ലാതെ വലിച്ചെറിയപ്പെട്ട ആപേക്ഷികത്വം, മനുഷ്യജന്മം…! അതിന്റെ സ്വാഭാവിക വ്യഗ്രതകളിലും ആത്മസംയമനം പാലിക്കുന്ന മനസുകളില്‍ പോലും വെറുപ്പിന്റെയും നിരാശയുടെയും ആഗ്നേയശിലകള്‍ ചിലപ്പോള്‍ പുറത്തോട്ട് നിര്‍ഗമിക്കാറുണ്ട്, പ്രത്യേകിച്ച് ജീവിതത്തിന്റെ എച്ചില്‍ക്കൂനകളില്‍ ഭക്ഷണം തിരയാന്‍ വിധിക്കപ്പെട്ട ഇത്തരം സഹജീവികളെ കാണുമ്പോള്‍! ഇതിനെല്ലാം ആരാണ് ഉത്തരവാദി? അനുവാദം പോലും ചോദിക്കാതെ സൃഷ്ടികര്‍മ്മം എന്ന അവിവേകം കാട്ടിയ ഈശ്വരനോ? അതോ, അവന്റെ അതിശയോക്തി കലര്‍ന്ന കെട്ടുകഥകളെ വിശ്വസിച്ച് സ്വന്തം അന്ധന്മാരായി തീര്‍ന്ന മനുഷ്യനോ? ഒഴിവാക്കപ്പെടേണ്ടിയിരുന്ന സൃഷ്ടികര്‍മ്മത്തിലെ ന}നതകള്‍ മനപ്പൂര്‍വ്വം അവഗണിച്ച്, സൂഷ്മതയിലെവിടെയോ വിശ്രമം കൊള്ളുന്ന പരബ്രഹ്മത്തിനോട് തോന്നാവുന്ന പുശ്ചവും, അപൂര്‍ണ്ണതകള്‍ കൊണ്ട് വൈകൃതമാക്കിയ പ്രപഞ്ചത്തെ പുനരാവിഷ്ക്കരിക്കാന്‍ കഴിയാത്തതിലുള്ള കോപവും, സഹദേവന്റെ നടത്തത്തിന്റെ വേഗത കൂട്ടിക്കൊണ്ടിരുന്നു, ഉച്ചനീചത്വങ്ങള്‍ക്ക് നടുവില്‍ സ്വയം മല്ലടിച്ച് നശിക്കാന്‍ സൃഷ്ടജന്തുക്കളെ വലിച്ചെറിഞ്ഞ ശേഷം പിതൃകര്‍മ്മത്തിന്റെ കടമകളില്‍ നിന്ന് ഓടി രക്ഷപ്പെട്ട സൃഷ്ടികര്‍ത്താവിനെ വകവരുത്താന്‍ ഇറങ്ങിപ്പുറപ്പെട്ട ഘാതകന്റേതുപോലെ! വാര്‍ഡിലെ ചുവരുകളില്‍ അങ്ങോളമിങ്ങോളം തൂങ്ങിക്കിടക്കുന്ന ഉഗ്രദേവതകളുടെ ഛായാചിത്രങ്ങള്‍ ശുഭാബ്ദി വിശ്വാസമെന്ന അന്ധവിശ്വാസത്തില്‍ കഴിയുന്ന രോഗികളെ നോക്കി പല്ലിളിക്കുന്നതുപോലെ! ആ ആതുരാരോഗ്യ കേന്ദ്രത്തിലെങ്ങും നിലനിന്നിരുന്ന അശാന്തിയുടെയും നിസഹായതയുടെയും പ്രേതബാധ സഹദേവന്റെ മനസിനെയും ബാധിക്കുകയായിരുന്നു.
“മോനേ സഹദേവാ…” അമ്മയുടെ നീട്ടിയുള്ള വിളിയാണ് സഹദേവനെ പരിസരബോധത്തിലേക്ക് തിരികെയെത്തിച്ചത്. ചിന്തയുടെ സുഖകരമായ ആലസ്യത്തില്‍ നിന്ന് വിമുക്തനാക്കാന്‍ മനപ്പുര്‍വ്വം ശ്രമിച്ച് കിടക്കയുടെ അരികിലേക്ക് അയാള്‍ നടന്നു. കഠിനമായ പനിയും ശാരീരികാരിഷ്ടതകളും മൂലം അച്ഛന്‍ മൂടിപ്പുതച്ച് കട്ടിലില്‍ കിടന്നിരുന്നു. അച്ഛനുള്ള കഞ്ഞിയും കരിമ്പടവും അമ്മയെ ഏല്‍പ്പിച്ചശേഷം സഹദേവന്‍ ചുറ്റും കണ്ണോടിച്ചു. നിരയായി അടുക്കിയ നാല്‍പ്പതോളം കട്ടിലുകള്‍, അതില്‍ കിടക്കുകയും ഇരിക്കുകയും കുശലം പറയുകയും ചെയ്യുന്ന രോഗികള്‍, വിവിധ പ്രായക്കാര്‍. എല്ലാവരുടെയും മുഖത്ത് “എങ്ങനെയെങ്കിലും ഈ നകരത്തില്‍ നിന്ന് രക്ഷപ്പെടണം” എന്ന ഭാവം. വെള്ളവസ്ത്രം ധരിച്ച ചില നേഴ്സുമാര്‍ ഇടക്കിടെ അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നു. അവരുടെ സാന്നിധ്യത്തില്‍ വിറക്കുന്ന കുട്ടികള്‍, നല്ലപിള്ള ചമയുന്ന പെണ്ണുങ്ങള്‍. ഉറക്കം കെടുത്താന്‍ കെട്ടിത്തൂക്കിയ വായാടി ഫാനിന്റെ ചുവട്ടില്‍ വീശറിയാട്ടിയിരിക്കുന്ന തൈക്കിഴവികള്‍. എല്ലാവരുടെ മുഖത്തും പരാതികള്‍ മാത്രം. പരാതികളോ പരിദേവനങ്ങളോ ഇല്ലാത്ത ഒരു ലോകം നമുക്കെന്നാണ് ഉണ്ടാവുക?
“പണം കിട്ടിയോ മോനേ?” “ങും.” “എന്നാ വേഗം പോയി റിപ്പോര്‍ട്ട് വാങ്ങിയിട്ട് വാ. അത് കിട്ടിയിട്ടുവേണം ഡോക്ടറെ ചെന്നുകാണാന്‍.” ഒന്നും ഉരിയാടാതെ സഹദേവന്‍ എഴുന്നേറ്റ് വാര്‍ഡിന് വെളിയിലേക്ക് നടന്നു, അപൂര്‍ണ്ണതകളുടെ പൂര്‍ണ്ണതയായി പുറത്തുകിടക്കുന്ന അന്ധനെ കാണാനിടയാകരുതേ എന്ന പ്രാര്‍ത്ഥനയോടെ! വാര്‍ഡിന് പുറത്തിറങ്ങുമ്പോള്‍ മോര്‍ച്ചറിക്ക് മുന്നില്‍ ഒരാള്‍ക്കൂട്ടം. കാര്യമെന്തെന്നറിയാന്‍ സഹദേവന്‍ അങ്ങോട്ട് ചെന്നു. മൂന്ന് ആശുപത്രി ജീവനക്കാര്‍ അന്ധനെ ആട്ടിപ്പുറത്താക്കുന്നതാണ് രംഗം. ആശുപത്രി വളപ്പില്‍ ഭിക്ഷക്കാര്‍ക്ക് പ്രവേശനമില്ലത്രേ! സംസാരിച്ച് സമയം കളയാന്‍ നില്‍ക്കാതെ ജീവനക്കാര്‍ അന്ധനെയും തൂക്കി നടന്നു. ഒടിഞ്ഞുതൂങ്ങിയ ആശുപത്രി ഗേറ്റിന് വെളിയില്‍ അയാളെ ഉപേക്ഷിച്ച് അവര്‍ മടങ്ങി. ഉപയോഗരഹിതമായ നേത്രഗോളങ്ങള്‍ വട്ടംചുറ്റി അന്ധന്‍ അല്‍പ്പനേരം മൂകനായി ഇരുന്നു, പിന്നെ ഒന്നും സംഭവിക്കാത്തതുപോലെ യാചന പുനരാരംഭിച്ചു. സംഭവത്തിന്റെ വിവിധ ഭാഷ്യങ്ങള്‍ ചര്‍ച്ച ചെയ്തുനിന്ന ആളുകള്‍ സാവധാനം അവരവരുടെ പണിനോക്കി പിരിഞ്ഞു, ഒപ്പം സഹദേവനും.
തൊട്ടടുത്തുള്ള ക്ളിനിക്കില്‍ നിന്ന് രക്തവും മറ്റും പരിശോധിച്ച റിപ്പോര്‍ട്ടുമായി മടങ്ങുംവഴിയാണ് സഹദേവന്‍ അന്ധനെ വീണ്ടും ഗൌനിക്കുന്നത്. ഒരിഞ്ച് പോലും വ്യതിചലിക്കാതെ അയാള്‍ അവിടെ തന്നെ ഉണ്ടായിരുന്നു. കണ്ണും കാഴ്ചയുമുള്ള ഒരു ശരാശരി മനുഷ്യന്‍ അനുഭവിക്കുന്ന സാമൂഹിക, സാമ്പത്തിക പീഡനങ്ങള്‍ പോലും അസഹനീയമാണെന്നിരിക്കേ, ശാരീരിക വൈകല്യങ്ങളോടെ ഇയാള്‍ക്കെങ്ങനെ മുന്നോട്ടുപോകാന്‍ സാധിക്കുന്നുവെന്ന ചോദ്യം സഹദേവനില്‍ അത്ഭുതവും സഹതാപവും ഉളവാക്കി. തന്നാലാവുന്ന എന്തെങ്കിലും സഹായം അയാള്‍ക്ക് ചെയ്യണമെന്ന് സഹദേവന്റെ മനസ് മന്ത്രിച്ചു. ആശുപത്രിക്കുള്ളിലേക്ക് കയറുംവഴി കൈയ്യിലുണ്ടായിരുന്ന അഞ്ച് രൂപ തുട്ട് സഹദേവന്‍ അയാളുടെ ഭിക്ഷാപാത്രത്തിലേക്ക് ഇട്ടുകൊടുത്തു. ഭാരമുള്ള തുട്ടിന്റെ വീഴ്ചാസ്വരത്തില്‍ നാണയമൂല്യം മനസിലാക്കിയ അന്ധന്‍ നന്ദിയോടെ കൈകള്‍ കൂപ്പി. “നന്ദി സാറേ.” ഒരായുസ്സിന്റെ മുഴുവന്‍ കൃതജ്ഞത അയാളുടെ മുഖത്ത് തെളിഞ്ഞു. ഇല്ലായ്മകളുടെ മരുഭൂമിയിലായിരുന്നിട്ട് കൂടി ദുരിതമനുഭവിക്കുന്ന ഒരാളെ സഹായിക്കാന്‍ സാധിച്ചതില്‍ സഹദേവന് അഭിമാനവും സംതൃപ്തിയും തോന്നി. അന്ധന്റെ “നന്ദി സാറേ” എന്ന കൃതജ്ഞതാ വചസുകള്‍ സഹദേവന്റെ ചെവിയില്‍ മാറ്റൊലി കൊണ്ടു.
റിപ്പോര്‍ട്ടുമായി വാര്‍ഡിലെത്തുമ്പോള്‍ അച്ഛന്‍ കഞ്ഞി കുടിച്ച് കഴിഞ്ഞതേ ഉണ്ടായിരുന്നുള്ളൂ. അതിന്റെ ഉന്മേഷം അച്ഛന്റെ മുഖത്ത് കാണാം. “റിപ്പോര്‍ട്ടില്‍ വല്ല പ്രശ്നവുമുണ്ടോ മോനേ?” പാത്രവും സ്പൂണും കഴുകി കമിഴ്ത്തുന്ന കൂട്ടത്തില്‍ അമ്മ തിരക്കി. “ഡോക്ടറെ കണ്ടാലേ എന്തെങ്കിലും പറയാനൊക്കൂ.” സഹദേവന്‍ പറഞ്ഞു. “എനിക്ക് ഒരു പ്രശ്നവുമില്ലന്നേ! കഞ്ഞി കുടിച്ചതോടെ എന്റെ പകുതി അസുഖവും മാറി. രാധ മോളെ കൊണ്ടുവരാത്തതെന്താ? അവളെ കണ്ടാല്‍ എന്റെ ഉള്ള അസുഖവും മാറും.” അച്ഛന്‍ ഉത്സാഹത്തോടെ പറഞ്ഞു. “ജോസഫ് മുതലാളി കൊടുക്കാനുള്ള കാശിനെ കുറിച്ച് രണ്ടുതവണ സൂചിപ്പിച്ചു.” സഹദേവന്‍ ഗൌരവത്തോടെ അറിയിച്ചു. അച്ചുവാശാരിയുടെ മുഖം പെട്ടെന്ന് കനത്തു. “എല്ലാ കടവും തീര്‍ത്തിട്ട് കണ്ണടച്ചാല്‍ മതിയായിരുന്നു.” “എന്തൊക്കെ വേണ്ടാധീനങ്ങളാണ് നിങ്ങളീ പറയുന്നത്. സഹദേവന് നല്ലൊരു ജോലി കിട്ടിയാല്‍ എല്ലാ പ്രശ്നങ്ങളും തീരില്ലേ!” സഹദേവന്റെ അമ്മ ഇടയ്ക്കുകയറി. സുദീര്‍ഘമായ നെടുവീര്‍പ്പോടെ അച്ചുവാശാരി കട്ടിലിലേക്ക് ചാരി. “ദേ.. നിങ്ങളീ ഓരോ കാര്യങ്ങള്‍ ആലോചിച്ച് ചടഞ്ഞുകൂടി കിടക്കുന്നതുകൊണ്ടാ അസുഖം കൂടുന്നത്. ബുദ്ധിമുട്ടൊന്നും തോന്നുന്നില്ലെങ്കില്‍ ആ വരാന്തയില്‍ പോയി രണ്ടാളും അല്‍പ്പം ശുദ്ധവായു ശ്വസിച്ചിട്ട് വാ! ആ സമയം കൊണ്ട് ഞാന്‍ ഡോക്ടറെ കണ്ടിട്ട് വരാം.” അമ്മ നിര്‍ദ്ദേശിച്ചു. അല്‍പ്പനേരം ആലോചിച്ചിരുന്ന ശേഷം കൈലി നന്നായുടുത്ത് അച്ചുവാശാരി മകന്റെ തോളില്‍ പിടിച്ച് വരാന്തയിലേക്ക് നടന്നു.
“സഹദേവാ… അച്ഛനോട് എപ്പോഴെങ്കിലും വെറുപ്പ് തോന്നിയിട്ടുണ്ടോ, നിനക്ക്?” അല്‍പ്പനേരം നീണ്ടുനിന്ന മൌനം ഭേദിച്ച് സഹദേവന്റെ തോളില്‍ വിരലമര്‍ത്തി അച്ചുവാശാരി ചോദിച്ചു. ‘ഉണ്ട്’ എന്നുപറയാനുള്ള സന്ദര്‍ഭവും സാഹചര്യം അല്ലാത്തതിനാല്‍ സഹദേവന്‍ അച്ഛനെ സസൂക്ഷ്മം നോക്കി. “വെ… വെറുപ്പോ, എന്തിന്?” സഹദേവന്റെ ശബ്ദം തൊണ്ടയില്‍ തടഞ്ഞു. “മക്കള്‍ക്ക് ദുരിതങ്ങളല്ലാതെ മറ്റൊന്നും കരുതി വയ്ക്കാത്ത, ശപിക്കപ്പെട്ട ഒരച്ഛന്‍!” അച്ചുവാശാരി വിങ്ങി. “പാവം നിന്റെ അമ്മ. ഞാനവളെ വിവാഹം കഴിക്കാതിരുന്നെങ്കില്‍, നിങ്ങളെന്റെ മക്കളായി ജനിക്കാതിരുന്നെങ്കില്‍, ഒരു പക്ഷേ മെച്ചപ്പെട്ടൊരു ജീവിതം നിങ്ങള്‍ക്ക് ലഭിക്കുമായിരുന്നു.” അച്ചന്റെ ജല്‍പ്പനങ്ങളില്‍ പ്രതികരിക്കാന്‍ കഴിയാതെ സഹദേവന്‍ വിഷണ്ണനായി. എങ്കിലും, അച്ഛന്‍ പറഞ്ഞത് ശരിയാണ്, നൂറുശതമാനവും. ജനിക്കാതിരുന്നെങ്കില്‍, അന്ധകാരത്തിന്റെ അബോധ മണ്ഡലങ്ങളിലെവിടെയെങ്കിലും സ്വസ്ഥമായി കഴിയാന്‍ സാധിക്കുമായിരുന്നു. നശ്വരമായ മാംസപേശികള്‍ക്കുള്ളില്‍ ബന്ധനസ്ഥനാകാതിരുന്നെങ്കില്‍, പ്രപഞ്ചത്തിലെ ഈശ്വര സാന്നിധ്യമില്ലാത്ത ഒരു കോണില്‍ ഒളിച്ചുകഴിയാമായിരുന്നു, വൈവിധ്യമെന്ന് പ്രഘോഷിക്കപ്പെടുന്ന പ്രാപഞ്ചിക സൃഷ്ടിയില്‍ ഭാഗുഭാക്കാവാതെ! ജനിച്ച നിലയ്ക്ക്, മരണമെന്ന അനിവാര്യത പുല്‍കുംവരെ ജീവിച്ചല്ലേ പറ്റൂ… സഹദേവന്‍ മൌനമായി മന്ത്രിച്ചു.
അല്‍പ്പനേരത്തെ മൌനവാദപ്രതിവാദങ്ങള്‍ക്ക് ശേഷം അച്ചുവാശാരി മകന്റെ തോളില്‍ നിന്ന് കൈയ്യെടുത്തു. പിന്നെ, കുപ്പായത്തിന്റെ പോക്കറ്റില്‍ സൂക്ഷിച്ചിരുന്ന ഒരു മോതിരമെടുത്ത് അച്ചുവാശാരി സഹദേവന്റെ നേരെ നീട്ടി. മോതിരത്തിന്റെ കല്ല് നഷ്ടമായിരുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ്, വേലുപ്പിള്ള വൈദ്യര്‍ അച്ചന് ജപിച്ചുനല്‍കിയ വെള്ളിമോതിരമാണതെന്ന് ഒറ്റനോട്ടത്തില്‍ തന്നെ സഹദേവന്‍ തിരിച്ചറിഞ്ഞു. അന്ന് താന്‍ സ്കൂളില്‍ പഠിക്കുന്ന സമയം. ഉത്തരത്തിന്റെ പണിയിലായിരുന്ന അച്ചന്‍ ഏണിയില്‍ നിന്ന് വീണ് നട്ടെല്ലിന് ക്ഷതമേറ്റ് കിടക്കുമ്പോള്‍ വൈദ്യര്‍ നിര്‍ദ്ദേശിച്ച രക്ഷാമാര്‍ഗമാണ് ആ മോതിരം. അത് അണിഞ്ഞ ശേഷ മാണ് അച്ഛന് അത്ഭുതകരമായ മാറ്റം ഉണ്ടായതായും രണ്ട് മാസത്തിനുള്ളില്‍ എഴുന്നേല്‍ക്കാന്‍ കഴിഞ്ഞതും. അച്ഛന്റെ ജീവിതത്തിലെ അമൂല്യമായ ആ വസ്തു ഉടഞ്ഞതിലും, തന്നെ ഏല്‍പ്പിച്ചതിലും സഹദേവന് അത്ഭുതം തോന്നി. സഹദേവന്‍ അച്ഛന്റെ കണ്ണുകളിലേക്ക് നോക്കി.
“വേലുപ്പിള്ള വൈദ്യന്‍ മരിച്ചു, രണ്ട് വര്‍ഷം മുമ്പ്! അദ്ദേഹത്തിന്റെ മകനെക്കൊണ്ട് നീ പുതിയൊരു മോതിരം ജപിച്ചുവാങ്ങണം, നാളെ തന്നെ!” അച്ഛന്റെ ശബ്ദത്തില്‍ അശാന്തിയുടെയും ഭയത്തിന്റെയും മണല്‍ക്കാറ്റുവീശുന്നത് സഹദേവന് കേള്‍ക്കാമായിരുന്നു. ഒരുപക്ഷേ, തന്റെ ഇന്നത്തെ ദീനതകള്‍ക്ക് കാരണം ഈ മോതിരം ഉടഞ്ഞതിനാലാകും എന്ന സംശയം അച്ഛന് ഉണ്ടായിരിക്കാം. ചവുട്ടിനില്‍ക്കാന്‍ ആകെയുണ്ടായിരുന്ന ചാളത്തടിയും തെന്നിമാറുന്നതുകാണുമ്പോള്‍ ഇത്തരം ഭയപ്പാടുകള്‍ സ്വാഭാവികം. ജീവിതത്തിന്റെ പ്രതാപവും പ്രശാന്തതയും ഇന്നല്ലെങ്കില്‍ നാളെ തകര്‍ന്നുപോകാനിടയുള്ള ചില മോതിരങ്ങളെ ആശ്രയിച്ചാണിരിക്കുന്നതെന്ന് സഹദേവന് തോന്നി. അജ്ഞതയില്‍ നിന്ന് പിച്ചവച്ച് നടക്കാന്‍ ആരംഭിക്കുന്ന മനുഷ്യന്‍ വിവിധ ഘട്ടങ്ങളില്‍ നിരവധി മോതിരങ്ങള്‍ക്ക് സ്വന്തക്കാരനാവുന്നു. ഒന്ന് തകരുമ്പോള്‍ മറ്റൊന്ന്! ചിലര്‍ക്ക് ചില പ്രത്യയ ശാസ്ത്രങ്ങള്‍ ആശ്വാസമാവുന്നു. ചിലര്‍ക്ക് മതം, ഈശ്വരന്‍! മറ്റ് ചിലര്‍ക്ക് ധനം, പ്രശസ്തി! സ്വന്തം അസ്ഥിത്വത്തിന്റെ ചുമടുതാങ്ങിയാണെന്ന് കരുതി സ്വയം സമാശ്വസിച്ചിരിക്കുമ്പോള്‍, ഒരു സുപ്രഭാതത്തില്‍ ഹൃദയവിഗ്രഹങ്ങള്‍ കളിമണ്ണുപോലെ തകര്‍ന്നുവീഴുന്നു. ആ വീഴ്ചയുടെ ആഘാതത്തെ ഉള്‍ക്കൊള്ളാന്‍ കഴിയാതെ വൈരുദ്ധ്യദിശകളിലേക്ക് പ്രയാണമാരംഭിക്കുന്നവര്‍ എത്രയോ പേര്‍. ചിലര്‍ നിരീശ്വരവാദികളാവുന്നു. ചിലര്‍ സന്ന്യാസികള്‍. മറ്റു ചിലര്‍ മദ്യപാനികള്‍, തത്വജ്ഞാനികള്‍, വ്യഭിചാരികള്‍…! ഇതൊക്കെയാണ് ഈ നാടകത്തിന്റെ ആകെ തുക. ഇവിടെ ഒന്നിനും പരിസമാപ്തികളില്ല. അച്ഛന്റെ അത്ഭുത മോതിരം ആദ്യമായി കൈയ്യില്‍ കിട്ടിയതിലുള്ള ജിജ്ഞാസയോടും ഭയഭക്തിയോടും കൂടി സഹദേവന്‍ അതിനെ തിരിച്ചും മറിച്ചും നോക്കി. പിന്നെ ഭദ്രമായി പോക്കറ്റില്‍ നിക്ഷേപിച്ചു.
അച്ഛനെയും കൂട്ടി വാര്‍ഡിന്റെ പുറത്തിറങ്ങുമ്പോള്‍ സഹദേവന്‍ കാണുന്നത് മോര്‍ച്ചറിയുടെ മുന്നില്‍ വീണ്ടും ഭിക്ഷയ്ക്ക് വന്നിരിക്കുന്ന അന്ധനെയാണ്. “ഇയാള്‍ വീണ്ടുമെത്തിയോ?” സഹദേവന്‍ അത്ഭുതം പൂണ്ടു. “നിന്റെ കൈയ്യില്‍ കാശ് വല്ലതുമുണ്ടോ? ഉണ്ടെങ്കില്‍ ആ ഭിക്ഷക്കാരന് എന്തെങ്കില്‍ കൊടുക്കൂ.” അച്ഛന്റെ അഭ്യര്‍ത്ഥന കേട്ട് സഹദേവന്‍ പോക്കറ്റ് തപ്പി. അത്ഭുതസിദ്ധി നഷ്ടപ്പെട്ട മോതിരത്തിന്റെ കൂട്ടത്തില്‍ അവശേഷിച്ച് ഒരുരൂപ നാണയം അന്ധന്റെ ഭിക്ഷാപാത്രത്തിലേക്ക് സഹദേവന്‍ ഇട്ടുകൊടുത്തു. ഏറെ സമയത്തിന് ശേഷം നാണയത്തുട്ട് ലഭിച്ച സന്തോഷത്തില്‍ അന്ധന്‍ നിരയില്ലാത്ത പല്ലുകള്‍ കാട്ടി. “നന്ദി സാറേ.” അയാള്‍ കൃതജ്ഞത ആവര്‍ത്തിച്ചു.
“വാ… നമുക്കല്‍പ്പം നടന്നിട്ട് വരാം.” സഹദേവനെയും കൂട്ടി അച്ചുവാശാരി ആശുപത്രി ഗേറ്റിലേക്കുള്ള വഴിയേ നടന്നു. “എന്തെങ്കിലും കുടിക്കുന്നോ അച്ഛാ?” സഹദേവന്‍ തിരക്കി. “ഒരു ചായ ആവാം.” സഹദേവന്‍ റോഡിനരികിലുള്ള കടയില്‍ രണ്ട് ചായയ്ക്ക് ഓര്‍ഡര്‍ കൊടുത്തു. “അച്ചന് ക്ഷീണം തോന്നുന്നുണ്ടോ?” “ങും. അല്‍പ്പനേരം കിടന്നാല്‍ കൊള്ളാമെന്നുണ്ട്.” ചായ വേഗം തരണമെന്ന് കടക്കാരന് നിര്‍ദ്ദേശം നല്‍കിയശേഷം സഹദേവന്‍ അവിടെ കിടന്ന ഫൈബര്‍ സ്റ്റൂളില്‍ അച്ഛനെ ഇരുത്തി. ഓരോ തവണയും ചായഗ്ളാസ് ചുണ്ടോടടുപ്പിക്കുമ്പോഴും സഹദേവന്‍ അച്ഛനെ സൂക്ഷ്മമായി നിരീക്ഷിച്ചു. ജീവിതത്തില്‍ ഒന്നും നേടാന്‍ കഴിയാത്തതിലുള്ള ദുഃഖവും നിരാശയും അച്ഛനെ വല്ലാതെ അലട്ടുന്നതായി സഹദേവന് തോന്നി. ചായയുടെ കാശ് കൊടുത്ത് ഇരുവരും ഇറങ്ങിനടന്നു, പരസ്പരം ഒന്നും മിണ്ടുകയോ പറയുകയോ ചെയ്യാതെ.
വാര്‍ഡില്‍ തിരികെയെത്തുമ്പോള്‍ അമ്മ തൊട്ടടുത്തുള്ള രോഗിയുമായി സംസാരിച്ചിരിക്കുന്നു. “ഡോക്ടര്‍ എന്തുപറഞ്ഞു?” സഹദേവന്‍ തിരക്കി. “കാര്യമായ പ്രശ്നം ഒന്നുമില്ലെന്നാണ് ഡോക്ടര്‍ പറയുന്നത്. ഒന്നുരണ്ട് ടെസ്റ്റുകള്‍ കൂടി ചെയ്യണം പോലും. അതുവരെ അച്ഛന്‍ ഇവിടെ കിടക്കട്ടെന്ന്.” അമ്മയുടെ വാക്കുകളില്‍ പണമില്ലാത്തവന്റെ വ്യാകുലത നന്നായി പ്രതിഫലിച്ചു. അച്ഛന്റെ കൈക്ക് പിടിച്ച് അമ്മ അച്ഛനെ കട്ടിലില്‍ ഇരുത്തി. “എന്തോ ഒരസ്വസ്ഥത പോലെ.” അച്ചുവാശാരി പറഞ്ഞു. “അല്‍പ്പ സമയം കിടന്നാല്‍ മതി. എല്ലാം മാറും.” അമ്മ അദ്ദേഹത്തെ കട്ടിലില്‍ കിടത്തി പുതപ്പ് നെഞ്ചുവരെ മൂടി. വീശറികൊണ്ട് വീശി അമ്മയും അവിടെയിരുന്നു. അച്ഛന്‍ സാവധാനം മയക്കത്തിലേക്ക് വീഴുന്നുണ്ടെന്ന് മനസിലാക്കി സഹദേവന്‍ വാര്‍ഡിന്റെ വെളിയിലേക്ക് നടന്നു.
മോര്‍ച്ചറിയുടെ കൂരയെ തൊടാന്‍ കൈനീട്ടുന്ന സായാഹ്ന സൂര്യന്റെ രശ്മികള്‍ക്ക് ചൂട് നന്നേ കുറവായിരുന്നു. ആ രശ്മിയില്‍ സഹദേവന്റെ മുഖവും പ്രകാശിച്ചു. മോര്‍ച്ചറിയുടെ നിഴലിന്‍ കീഴില്‍ യാചനാഭേരികള്‍ മുഴക്കി അന്ധന്‍ അവിടെ തന്നെ ഉണ്ടായിരുന്നു. വിധിയെന്നോ, കര്‍മ്മഫലമെന്നോ ന്യായീകരിക്കാവുന്ന അയാളുടെ അന്ധതയുടെ മേല്‍ സഹദേവന് അതൃപ്തി തോന്നി. ഈശ്വരന്റെ ലീലാവിലാസങ്ങള്‍ മഹിമകളായി പ്രകീര്‍ത്തിക്കപ്പെടുമ്പോള്‍, അതിന്റെ യഥാര്‍ത്ഥ പ്രത്യാഘാതങ്ങള്‍ അനുഭവിച്ചു തീര്‍ക്കുന്നത് ഓരോ മനുഷ്യനുമാണ്. ഈശ്വരന് ഭയമായിരുന്നു, തന്നേക്കാള്‍ പ്രതാപശാലിയായി മനുഷ്യന്‍ വളര്‍ന്നേക്കുമെന്ന്. അല്ലായിരുന്നെങ്കില്‍, താല്‍ക്കലിക ഏദന്‍ തോട്ടങ്ങള്‍ നല്‍കി കബളിപ്പിച്ച് നിത്യമായ യാതനകളില്‍ അവന്‍ മനുഷ്യനെ അടിച്ചമര്‍ത്തുകയില്ലായിരുന്നു, ജീവിതപീഡകളെ കുറിച്ചുള്ള വ്യാകുലതകള്‍ ക്രമമായ ഇടവേളകള്‍ നല്‍കി അവനെ മുരടിപ്പിക്കുകയില്ലായിരുന്നു, സത്യത്തിനും മനുഷ്യനേത്രത്തിനുമിടയില്‍ പുകമറകള്‍ സൃഷ്ടിക്കുകയില്ലായിരുന്നു. കഴിവുറ്റ ദൈവം നിസംഗത പാലിക്കുന്നുന്നതിന്റെ അര്‍ത്ഥവും ഇതുതന്നെയല്ലേ? അല്ലായിരുന്നെങ്കില്‍, പക്ഷാഭേദങ്ങള്‍ വെടിഞ്ഞ് എല്ലാ ജനവിഭാഗങ്ങളെയും അവന്‍ സമൃദ്ധിയുടെ മകുടം ചാര്‍ത്തുമായിരുന്നു. ഈശ്വരന്‍ പോലും കൈവിടപ്പെട്ട അന്ധനും, ദരിദ്രനും മരണമെന്ന അനിവാര്യതയല്ലാതെ എന്താണ് അഭികാമ്യമായിട്ടുള്ളത്? ജനതകള്‍ക്കിടയില്‍ എന്നും ആരാധിക്കപ്പെടാന്‍ സ്വന്തം ശക്തികളെ ദുര്‍വിനിയോഗം ചെയ്ത് മാനവനെ ദുര്‍ബലനാക്കുന്ന ഈശ്വരന്‍ മറഞ്ഞിരുന്ന ആത്മീയ ശത്രുവാണ്. സഹദേവന്റെ ശ്വസോച്ഛ്വാസത്തിന്റെ വേഗത വീണ്ടും കൂടി. അതിനെ നിയന്ത്രിക്കാന്‍ അസ്തമയ സൂര്യന്റെ കളങ്കമറ്റ വികിരണങ്ങള്‍ ഏറ്റുവാങ്ങി സഹദേവന്‍ അവിടെ ഇരുന്നു.
വാര്‍ഡിനുള്ളിലെ അപ്രതീക്ഷിത ബഹളം കേട്ടാണ് സഹദേവന്‍ ചിന്തയില്‍ നിന്നുണര്‍ന്നത്. വാര്‍ഡിന്റെ പലഭാഗങ്ങളില്‍ നിന്നു ആളുകള്‍ എങ്ങോട്ടെന്നില്ലാതെ പരക്കം പായുന്നു, കാര്യമെന്തെന്നറിയാതെ ചിലര്‍ പിറുപിറുക്കുന്നു. സഹദേവന്‍ വാര്‍ഡിനുള്ളില്‍ ആകാംശയോടെ പ്രവേശിച്ചു. മുപ്പത്തിയഞ്ചാം കിടക്കയ്ക്ക് മുന്നിലെ ആള്‍ക്കൂട്ടം കണ്ട് അയാള്‍ അമ്പരന്നു. “അച്ഛാ…” ആളുകളെ തള്ളിമാറ്റി സഹദേവന്‍ കട്ടിലിനരികിലേക്ക് ഓടിയെത്തി. വിയര്‍പ്പുകുമിളകള്‍ നിറഞ്ഞ് ചലനമറ്റ് കിടക്കുന്ന അച്ഛന്റെ നെഞ്ചില്‍ തലയിടിച്ച് കരയുന്ന അമ്മയെ കണ്ട് സഹദേവന്‍ തരിച്ചുനിന്നു.
തന്നെ ദ്വേഷിക്കുന്നവരോടും ചോദ്യംചെയ്യുന്നവരോടും ഈശ്വരന്‍ പക തീര്‍ക്കുന്നത് ഇങ്ങനെയാണ്! നേര്‍ക്കുനേര്‍ യുദ്ധം ചെയ്യാന്‍ കെല്‍പ്പില്ലാത്ത ഭീരുവിനെപോലെ ഒളിഞ്ഞിരുന്ന് ആക്രമിക്കാനും ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ഇരയെ മാനസികമായി തളയ്ക്കാനും ഈശ്വരന്‍ ബഹുമിടുക്കനാണ്. അല്ലായിരുന്നെങ്കില്‍, തന്നോടുള്ള പ്രതികാരം തീര്‍ക്കാന്‍ അച്ഛന്റെ ജീവന്‍ തട്ടിപ്പറിക്കുമായിരുന്നോ? നിരന്തമായ പീഡനങ്ങള്‍ക്കൊടുവിലും കീഴടങ്ങാന്‍ തയാറാകാത്ത മനുഷ്യാത്മക്കളെ തളയ്ക്കാനുള്ള ഈശ്വരന്റെ അവസാന അടവാണിത്, രക്തബന്ധങ്ങളെ പിഴുതെറിയുക, അവരെ പീഡിപ്പിക്കുക. ഈശ്വരന്റെ അനീതികളെ ഒരു ഉളുപ്പുമില്ലാത്ത ന്യായീകരിക്കുന്ന മനുഷ്യസത്വങ്ങളും അവന്റെ മരണകിങ്കരന്മാരാണ്. ഈശ്വരന്റെ അസാന്നിധ്യമല്ല, സാന്നിധ്യമാണ് നമ്മുടെ ഏറ്റവും വലിയ ശാപം.
അച്ഛന്റെ മൃതദേഹം ഏറ്റുവാങ്ങാന്‍ സഹദേവനൊടൊപ്പം ജോസഫ് മുതലാളിയല്ലാതെ ആരുമുണ്ടായിരുന്നില്ല. പനമ്പായില്‍ കെട്ടിയ മൃതദേഹം മോര്‍ച്ചറിയില്‍ നിന്നെടുത്ത് ആംബുലന്‍സില്‍ കിടത്തിയതും അദ്ദേഹമായിരുന്നു. ഓര്‍ക്കാപ്പുറത്ത് ഏല്‍ക്കേണ്ടിവന്ന വിധിയുടെ ക്രൂരമായ പ്രഹരത്തില്‍ വിവശയായി അമ്മ ആ മോര്‍ച്ചറിയുടെ വലിയ തൂണില്‍ ചാരിയിരുന്ന് കരയുന്നുണ്ട്. കാര്‍മ്മിക നിയമങ്ങളുടെ തലയില്‍ പഴിചാരി സ്വയം രക്ഷപ്പെടാന്‍ ശ്രമിച്ചുകൊണ്ടിരുന്ന ദേവഗണങ്ങളെ ശകാരിച്ചും പുശ്ചിച്ചും സഹദേവന്‍ നിശ്ചലനായി അവിടെ നിന്നു, ഒരിറ്റ് കണ്ണീര്‍പ്പോലും വാര്‍ക്കാതെ. “അമ്മാ… വല്ലതും തരണേ…” തൊട്ടടുത്തിരിക്കുന്ന അന്ധയാചകന്റെ തുടര്‍ച്ചയായ യാചനകള്‍ സഹദേവന് ദുസഹമായി അനുഭവപ്പെട്ടു. ആരും രക്ഷിക്കാനില്ലാത്ത ഈ ലൌകീക തടവറയില്‍ നിന്ന് ആത്യന്തികമായ മോചനം ആഗ്രഹിക്കാതെ, നിത്യവൃത്തിയ്ക്കായി ഭിക്ഷ തെണ്ടുന്ന യാചകന്റെ നിലനില്‍പ്പിനോട് സഹദേവന് പുശ്ചം തോന്നി. ഇയാള്‍ക്കെന്തിനാണ് ഇങ്ങനെയൊരു ജീവിതം? “മരിക്കുന്നതാണ് ഇതിനെക്കാള്‍ നല്ലത്.” ജീവിതത്തോടുള്ള അമിത കാമമോ ഭയമോ മൂലം ഇത്രയും തരംതാഴാന്‍ പാടില്ല.
മരണം മണക്കുന്ന ആശുപത്രി അന്തരീക്ഷത്തില്‍ നിന്ന് അച്ഛന്റെ മരവിച്ച മൃതദേഹവുമായി വിടവാങ്ങും മുമ്പ് സഹദേവന്‍ ആ അന്ധനെ അവസാനമായി നോക്കി. പാവം മനുഷ്യന്‍! “സത്യത്തില്‍, അയാള്‍ക്ക് എന്തുചെയ്യാന്‍ കഴിയും.” നശ്വരമായ നാണയങ്ങള്‍ക്ക് പകരം ആത്യന്തിക സമാധാനം പ്രദാനം ചെയ്യുന്ന എന്തെങ്കിലും അയാള്‍ക്ക് നല്‍കണമെന്ന് സഹദേവന് തോന്നി. അച്ഛന്റെ ജീവന്‍ പറിച്ച മോതിരമല്ലാതെ സഹദേവന്റെ കയ്യില്‍ ഒന്നുമുണ്ടായിരുന്നില്ല. പോക്കറ്റില്‍ നിന്ന് മോതിരമെടുത്ത് സഹദേവന്‍ ഒരു നിമിഷം നോക്കി. ഒരുപക്ഷേ, ഇതാവും ഈ അന്ധന് നല്‍കാന്‍ സാധിക്കുന്ന ഏറ്റവും വലിയ ഭിക്ഷ, ആര്‍ക്കും അഭിലഷിക്കാവുന്ന ആത്യന്തികമായ സുഖനിദ്ര! കൂടുതല്‍ ഒന്നും ആലോചിക്കാത സഹദേവന്‍ ആ മോതിരം അന്ധന്റെ ഭിക്ഷാപാത്രത്തിലേക്കിട്ടു. “ക്ണിം…” പാത്രത്തില്‍ വീണ വെള്ളിമോതിരത്തിന്റെ ധ്വനിയില്‍ അന്ധയാചകന്റെ കണ്ണുകള്‍ വീണ്ടും കൃതാര്‍ത്ഥമായി. “നന്ദി സാറേ.” അന്ധന്റെ പതിവ് വികാരപ്രകടനങ്ങള്‍ എത്തുന്നതിന് മുമ്പേ ആംബുലന്‍സ് മുന്നോട്ട് ചലിച്ചുതുടങ്ങിയിരുന്നു.
Related Posts:
- വേനല്‍ മേഘങ്ങള്‍
- എബിയുടെ പള്ളിയുറക്കം
- ഒരു ഒളിച്ചോട്ടത്തിന്റെ കഥ
- ശരത്തിന്റെ കുഞ്ഞമ്മ
- എന്റെ ബാല്യകാലസഖി

ഒരായുസ്സിന്റെ മുഴുവന്‍ കൃതജ്ഞത അയാളുടെ മുഖത്ത് തെളിഞ്ഞു. ഇല്ലായ്മകളുടെ മരുഭൂമിയിലായിരുന്നിട്ട് കൂടി ദുരിതമനുഭവിക്കുന്ന ഒരാളെ സഹായിക്കാന്‍ സാധിച്ചതില്‍
ഈ ഒരു അടയാള പെടുത്തലുകള്‍ ശരിക്കും ഭാഷപരമായ ഒരു വരമ്പാണ്
കഥയില്‍ കാര്യമായ ഒരു അഭിപ്രായം ഞാന്‍ പറയുന്നില്ല എങ്കിലും ഒരു തുടക്കകാരിയുടെ എഴുത്ത് എന്ന നിലയില്‍ ഒരു പുതിയമാനം ഇതു തേടുന്നുണ്ടു എന്ന് പറയ്യാന്‍ മടിക്കുന്നില്ല
സേതുലക്ഷ്മി,
വെള്ളിനാണയം വായിച്ചു…
നല്ല ഒരു കഥ അച്ഛന്റെ അസുഖം,
തൊഴില്‍ രഹിതനായ ഒരു ചെറുപ്പക്കാരന്റെ പണത്തിന്റെ ബുദ്ധിമുട്ട്,
ഈശ്വരന് മനുഷ്യനോടു ചെയ്യുന്ന അനീതി..അഥവ ശിക്ഷ
എന്ത് പേരിട്ട് വിളിക്കണം മരണം വന്നു
കുടുംബ നാഥനെ കൂട്ടി കൊണ്ടു പോകുമ്പൊള്‍ ?
മനസ്സില്‍ സഹദേവനോടൊപ്പം ഒന്ന്
തേങ്ങാതെ വായന അവസാനിപ്പിക്കാനാവില്ല.
സ്നേഹാശംസകളോടെ മാണിക്യം
ഇതാണോ പ്രസിദ്ധീകരിക്കാന്‍ ധൈര്യക്കുറവുള്ള കഥ.അത് നല്ല കഥ.
ജീവിതത്തിന്റെ ഇരുണ്ട വഴികളിലൂടെ ഒരു കഥ .
സധൈര്യം പ്രസിദ്ധീകരിക്കവുന്നത് .
ആശംസകള്‍
കഥയിൽ യാതൊരു പുതുമയുമില്ല, കേട്ടുമറന്ന കഥ പോലെ, കണ്ടു മറന്ന ഒരു സിനിമ പോലെ…. ഗോവിന്ദേട്ടൻ ഒടുവിൽ ഉണ്ണികൃഷ്ണനായും, സഹദേവൻ പഴയ മെലിഞ്ഞ ദിലീപായുമൊക്കെ ഡയലോഗുകളിലൂടെ നിറയുന്നു. എങ്കിലും ഹൃദയത്തെ സ്പർശിക്കുന്നു ഈ കഥ. സേതുവിന് ഏറെദൂരം മുന്നോട്ട് പോകാനുണ്ട്. കൂടുതൽ കൂടുതൽ വായിക്കുക. എന്റെ എല്ലാവിധ ആശംസകളും..!
അക്ഷരത്തെറ്റുകള്‍ സൂക്ഷിക്കണം സേതുലക്ഷ്മി. കഥ നന്നായിരിക്കുന്നു, എന്നാല്‍ അല്പം കൂടി നീട്ടലുകളും കുറുക്കലുകളും ആവാം. കഥയുടെ ആകെയുള്ള നീളം കുറച്ചു കുറഞ്ഞിരിക്കുന്നതും നന്നാവും. ആള്‍ത്തറയല്ല ആല്‍ത്തറ,അതുപോലെ ചില വാക്കുകള്‍ ഉണ്ട്. ടൈപ്പ് ചെയ്താണ് കമ്പോസിംഗിനു കൊടുക്കുന്നതെങ്കില്‍ നന്നായി സൂക്ഷിച്ചു വേണം കൊടുക്കാന്‍. പല ഡി ടി പി ഓപ്പറേറ്റര്‍മാര്‍ക്കും മലയാളപദങ്ങളുടെ ശരിയായ സ്പെല്ലിംഗ് അറിയാത്തവരാണ്. നമ്മള്‍ കൊടുക്കുന്നത് അതേപടി അടിച്ചു കയറ്റും. എല്ലാ ആശംസകളും
കണ്ണ് നനയിച്ചല്ലോ ബോസ്സ്. മുഖ്യധാരാ സാഹിത്യത്തിനൊരു മുതല്‍ക്കൂട്ടാവട്ടെ ഈ കണ്ണീര്‍കഥ.
കഥ നന്നായിട്ടുണ്ട്. കഥയെപ്പറ്റി വിദക്താഭിപ്രായം പറയാൻ ഞാനാളല്ല. ഈശ്വരൻ വളരെ ക്രൂരനാണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. നാം ഒരുപാട് സ്നേഹിക്കുമ്പോളാണൊ മൂപ്പിലാൻ കൂടുതൽ ദ്രോഹിക്കുന്നതെന്നും തോന്നിയിട്ടുണ്ട്. എന്നിട്ടും നമ്മൾ അവനെ തന്നെ ആശ്രയിക്കുന്നു…. വേറെന്തുവഴി..!!?
ആശംസകൾ.
Ee Sakhavu Sahadevante Prasnam Enthanu? Oru divasathe jolikku 400 rupees kooliyum, 2 roopakku oru kilo Ariyum kittumbol iyal ente panikku pokathathu?