ആദ്യരാത്രികള്‍ക്ക് ശേഷം
Posted on 17. Sep, 2008 by സേതുലക്ഷ്മി in Stories
നീണ്ട വേനലവധി കഴിഞ്ഞ് ആദ്യമായി ക്ലാസിലെത്തിയ സ്ക്കൂള്‍ കുട്ടികളുടെ മുഖത്ത് തെളിയുന്ന വിഷണ്ണതയോടും നിരുത്സാഹത്തോടും കൂടി ഞാന്‍ കടലാസുകള്‍ക്ക് മുന്നില്‍ കുറേ നേരം ഇരുന്നു. അക്ഷരങ്ങള്‍ അടുക്കിയും വിളക്കിയും വീണ തഴമ്പുകള്‍ കൈകളില്‍ നിന്ന് എന്നേ അപ്രത്യക്ഷമായിരിക്കുന്നു! എത്ര തിരഞ്ഞിട്ടും അനുയോജ്യമായ വാക്കുകള്‍ കിട്ടാതെ ആശയങ്ങള്‍ വിരലുകളെ ശകാരിച്ചു. അസഹനീയമായ കുറ്റബോധത്തോടെ വരികള്‍ ലക്കുംലഗാനവുമില്ലാതെ കടലാസിന്‍റെ വെള്ളപ്രതലത്തില്‍ അഴുക്കുചാലുകള്‍ കീറുന്നുണ്ടായിരുന്നു. പിന്നെ ആ ചാലുകളില്‍ അടക്കാനാവാത്ത അപകര്‍ഷതാബോധവും അരിശവും നിറഞ്ഞു. സ്വയം സമ്പാദിച്ച ഏതോ ഒരു അടിമത്ത്വത്തില്‍ സ്വയം അകപ്പെട്ടതുപോലെ…! കീഴ്ക്കാം തൂക്കായ പാറക്കെട്ടില്‍ നിന്ന് താഴേക്ക് നോക്കുമ്പോള്‍ നുരയുന്ന ആത്മഹത്യാ പ്രേരണ പോലെ…! അപ്പോഴും, ഇതൊന്നുമറിയാതെ അദ്ദേഹം കൂര്‍ക്കം വലിച്ചുറങ്ങുന്നുണ്ടായിരുന്നു.
സമയം രാത്രി 12:45. ഒരിക്കല്‍ കൂടി ഇതുപോലെ എഴുതാന്‍ ഇരിക്കാനാവുമെന്ന് കരുതിയതല്ല. വിവാഹത്തോടെ എല്ലാം അവസാനിച്ചു എന്ന് കരുതി. അപ്രതീക്ഷിതമായി കാലം വച്ചുനീട്ടിയ മധുവിധുവിന്‍റേയും ലീലസല്ലാപങ്ങള്‍ക്കുമിടയില്‍ എഴുത്ത് പതറി. ഉള്ളറകളിലെവിടെയോ ഒരു വിയര്‍പ്പുമുട്ടല്‍ പോലെ അമര്‍ത്തിവച്ച യൌവനത്തെ ഞെക്കിപ്പിഴിഞ്ഞ് വിമോചിപ്പിക്കാന്‍ പോന്ന ഒരു പുരുഷനെ കിട്ടിക്കഴിയുമ്പോള്‍ വികാരങ്ങള്‍ അക്ഷരങ്ങളെ അടിമയാക്കി, അതാണ് സത്യം. ഒരു ജന്‍മസാഫല്യത്തിന്‍റെ വ്യാഖ്യാനം ചൊല്ലി മനസും അതിന് കൂട്ടുനിന്നു. താല്‍ക്കാലികമായ കുറേ അരാജകത്ത്വങ്ങള്‍ക്ക് ശേഷം തിരിഞ്ഞ് നോക്കുമ്പോള്‍ ഒന്നുമില്ല, ഒന്നും!
അനന്തമാണെന്ന് കരുതിയ ചില അവിസ്മരണീയ അനുഭവങ്ങള്‍ പോലും ഇപ്പോള്‍ അര്‍ത്ഥശൂന്യതകളുടെ നടുവില്‍ നിഴലുകളാവുന്നു. താണ്ഡവമാടിയ തിരമാലകള്‍ തണുത്തുറഞ്ഞ ഐസുകട്ടകളായി ചലനമറ്റ് കിടക്കുന്നത് കാണുമ്പോള്‍ ഉറയാതെ കാത്തുസൂക്ഷിച്ച ധൈര്യവും പ്രതീക്ഷകളും അസ്തമിക്കുന്നു. കാറ്റിന്‍റെ ഗതിവിഗതികള്‍ക്കനുസരിച്ച് മാത്രം ചലിക്കുന്ന തിരമാലകള്‍ക്ക് പിന്നെ യാന്ത്രികഭാവം! പിന്നെ എല്ലാം യന്ത്രം പോലെ! ഒരു പരീക്ഷണ കാലഘട്ടം കടന്നുപോയതുപോലെ. പ്രകൃതിയിലെ ഓരോ കണികകളെയും പേരുചോല്ലിവിളിക്കാന്‍ പഠിച്ച എന്നിലെ ആത്മഹര്‍ഷങ്ങള്‍ക്കിത് എന്തുപറ്റി? പ്രാപഞ്ചിക തത്വങ്ങളുടെ അപാരതയില്‍ പ്രകൃതിയ്ക്ക് പ്രണയലേഖനം നല്‍കിയ എന്‍റെ ലാളിത്യങ്ങള്‍ക്കിതെന്തു പറ്റി? സ്വാതന്ത്രത്തിന്‍റെ സ്വച്ഛമായ താഴ്വരയില്‍ സസന്തോഷം വിഹരിച്ചിരുന്ന എന്‍റെ ഭാവനകളെ ഭോഗിക്കാന്‍ വിട്ടുകൊടുത്തതാരാണ്? ഞാന്‍, ഞാന്‍ തന്നെ!
ശരീരപേശികളെ നന്നായി അയച്ച് ഏതോ ഒരു നിര്‍വൃതിയില്‍ ഗാഢമായി കിടന്നുറങ്ങുന്ന അദ്ദേഹത്തെ കാണുമ്പോള്‍ ഇപ്പോള്‍ ചെറിയൊരു പരിഭവം തോന്നുന്നു, ആഴമില്ലാത്ത ആവേശങ്ങളില്‍ കടിഞ്ഞാണ്‍ നഷ്ടപ്പെട്ടതിന്‍റെ ചമ്മലും! ആവേശങ്ങള്‍ മനുഷ്യന്‍റെ പാളിച്ചകളാണ്. അവ കെട്ടടങ്ങുമ്പോള്‍ അവശേഷിക്കുക ഇപ്പോള്‍ ഞാനനുഭവിക്കുന്ന ശൂന്യത മാത്രമായിരിക്കും. എഴുതാനിരിക്കുമ്പോള്‍ പണ്ട് ഞാനനുഭവിച്ചിരുന്ന ആത്യന്തീകമായ ഒരു സുഖം എനിക്ക് എന്നേ നഷ്ടമായി കഴിഞ്ഞിരിക്കുന്നു!
ടേബിള്‍ ലാബിന്‍റെ വെളിച്ചത്തില്‍ ഞാന്‍ ക്ലോക്കിലേക്ക് നോക്കി. മണി 1:30. രാപ്പകല്‍ വിശ്രമമില്ലാതെ കറങ്ങുന്ന ഫാനിന്‍റെ മുറുമുറുപ്പല്ലാതെ മറ്റൊന്നും കേള്‍ക്കുന്നില്ല. ഏറേ നാളത്തെ അജ്ഞാതവാസത്തിന് ശേഷം എഴുതാനിരുന്നപ്പോള്‍ ഉണ്ടായ പിരിമുറുക്കത്തില്‍ ഫാനിന്‍റെ മുരള്‍ച്ച പുശ്ചഭാവം കലര്‍ന്ന പൊട്ടിച്ചിരികളായി എനിക്ക് തോന്നി. ഗത്യന്തരമില്ലാതെ ഞാന്‍ ഫാനിന്‍റെ വൈദ്യുതിബന്ധം വിച്ഛേദിച്ച് സമാധാനിക്കാന്‍ ശ്രമിച്ചു. ഫാനിന്‍റെ ഇതളുകള്‍ സാവധാനം ചുരുണ്ടുകൂടി നിശ്ചലമായി. പിന്നെ, പരിപൂര്‍ണ്ണമായ നിശബ്ദത. ഇനി ഈ ലോകത്തില്‍ നിശ്ചലമാവാന്‍ ഞാന്‍ മാത്രമേയുള്ളൂ എന്ന ഒറ്റപ്പെടല്‍ എന്നെ എന്തിനോ പ്രേരിപ്പിച്ചുകൊണ്ടിരുന്നു. ഭീതിജനകമായ ആ ഏകാന്തതയെ വകവയ്ക്കാതെ എഴുതാന്‍ പറ്റിയ വിശേഷങ്ങള്‍ തിരഞ്ഞ് എന്‍റെ ചിന്തകള്‍ പ്രയാണം ആരംഭിച്ചു. എന്നാല്‍, ആയിരം സൂര്യന്മാരുടെ പ്രകാശം മുഴുവന്‍ ഒറ്റ ബിന്ദുവില്‍ കേന്ദ്രീകരിക്കാന്‍ ശ്രമിക്കുന്നതുപോലെ വിഫലമായിത്തീരുന്നു അതും!
നിയതമായ സ്വഭാവം പ്രാപിക്കാനാവാതെ പ്രാകൃതമായ ഒരു കുട്ടം ചിന്തകള്‍ ആത്മാവിന്‍റെ വിദൂരതയില്‍ ഞാന്‍ കെട്ടിത്തിരിച്ച വേലിക്കെട്ടുകളെയും ചാടിക്കടന്ന് അപ്രത്യക്ഷമായി. നിരാശയോടെ എനിക്കത് നോക്കി നില്‍ക്കേണ്ടിവന്നു. പടവെട്ടാന്‍ എതിരാളിയില്ലാത്ത രണാങ്കണത്തില്‍ ആവേശം കെട്ട് നില്‍ക്കുന്ന ചാവേറിനെ പോലെ ഞാന്‍ കുനിഞ്ഞിരുന്നു, മുലചുരത്താന്‍ പാലില്ലാതെ താരട്ടുപാട്ടുകള്‍ കൊണ്ട് മകന്‍റെ വിശപ്പടക്കാന്‍ ശ്രമിക്കുന്ന അമ്മയുടെ ദുര്‍ഗതിയോടെ! ആ നിസഹായത പതിയെ ഒരു ധ്യാനമായി, ഉമിത്തീയായി എന്നില്‍ ശക്തി പ്രാപിക്കുന്നത് ഞാന്‍ സാവധാനം മനസിലാക്കി. ചിന്തകളോ വികാരങ്ങളോ ആദര്‍ശങ്ങളോ വടംവലിക്കാനില്ലാത്ത ആ ശൂന്യമായ അന്തരീക്ഷത്തില്‍ “അമൂര്‍ത്തമായ ഒരു അസാന്നിധ്യം” എന്നില്‍ പ്രകടമാവുന്നത് ഞാന്‍ തിരിച്ചറിഞ്ഞു. ഇല്ലായ്മകളില്‍ നിന്ന് പ്രസരിക്കുന്ന നിറവും, വാക്കുകള്‍ കൊണ്ട് മലിനമാവാത്ത സംഗീതവും പോലെ ആ ശൂന്യത എന്നില്‍ തമോഗര്‍ത്തങ്ങള്‍ സൃഷ്ടിച്ചു.
മണി മൂന്ന്! നിശ്ചലമായ ഫാനിന് താഴെ ഉറങ്ങിക്കിടക്കുന്ന അദ്ദേഹത്തിന്‍റെ ശരീരമാസകലം വിയര്‍പ്പുകുമിളകള്‍ മുളപൊട്ടിയത് ഞാന്‍ കണ്ടു. ചിന്തയില്ലാത്ത ലോകത്തെ സഞ്ചാരത്തിനിടയില്‍ മുറിയിലെ ഊഷ്മാവ് ഉയര്‍ന്നത് ഞാനറിഞ്ഞില്ല. അപ്രതീക്ഷിതമായി തട്ടിയുണര്‍ത്തിയതിന്‍റെ കുണ്ഡിതത്തോടെയാണെങ്കിലും, ഫാന്‍ ചിറകുകള്‍ മുറുമുറുപ്പോടെ വട്ടം തിരിയാന്‍ തുടങ്ങി, ഒപ്പം പരിശുദ്ധമായ ശൂന്യതയെ മലിനമാക്കിക്കൊണ്ട് ചിന്തകള്‍ എന്നിലേക്ക് വീണ്ടും പ്രവഹിച്ചു. എഴുതാനാവാത്തതിന്‍റെ നിരാശ തെല്ലുമില്ലാതെ ഏതോ ഒരു നിര്‍വൃതിയില്‍ ഞാന്‍ കിടന്നു, അദ്ദേഹത്തിന്‍റെ പൌരുഷം വീണ്ടും ഉണരും മുമ്പ് അല്‍പ്പമൊന്ന് മയങ്ങാന്‍!
Related Posts:

നന്നായിട്ടുണ്ട്
nannayittundu
നിരാശയോടെ എനിക്കത് നോക്കി നില്‍ക്കേണ്ടിവന്നു. പടവെട്ടാന്‍ എതിരാളിയില്ലാത്ത രണാങ്കണത്തില്‍ ആവേശം കെട്ട് നില്‍ക്കുന്ന ചാവേറിനെ പോലെ ഞാന്‍ കുനിഞ്ഞിരുന്നു, മുലചുരത്താന്‍ പാലില്ലാതെ താരട്ടുപാട്ടുകള്‍ കൊണ്ട് മകന്‍റെ വിശപ്പടക്കാന്‍ ശ്രമിക്കുന്ന അമ്മയുടെ ദുര്‍ഗതിയോടെ
shakthamaya varikal
nannaayittondu… avasaanam valare sookshmam aayittondu
നന്നായിട്ട് എഴുതിയിരിക്കുന്നു.
വരികൾ വളരെ ശക്തവും,പ്രതീകാത്മകവും ആണ്.
“സ്വയം സമ്പാദിച്ച ഏതോ ഒരു അടിമത്ത്വത്തില്‍ സ്വയം അകപ്പെട്ടതുപോലെ…!
എഴുതാനാവാത്തതിന്‍റെ നിരാശ തെല്ലുമില്ലാതെ ഏതോ ഒരു നിര്‍വൃതിയില്‍ ഞാന്‍ കിടന്നു,
അദ്ദേഹത്തിന്‍റെ പൌരുഷം വീണ്ടും ഉണരും മുമ്പ് അല്‍പ്പമൊന്ന് മയങ്ങാന്‍!….”
മയങ്ങൂ, തീര്‍ച്ചയായും മയക്കം വിട്ട് എണീയ്ക്കുമ്പോള്‍
നിന്നിലേയ്ക്ക് ആവേശിയ്ക്കാന്‍ കാത്തു നില്ക്കുന്ന് വാക്കുകളൂടെ
മലവെള്ളപ്പാച്ചില്‍ കാണാം ആ ഒഴുക്കില്‍ തിമിര്ക്കാം
അതു വരെ മയങ്ങു സ്വപനങ്ങളുടെ മഞ്ചാടി കുരുമേലെ
അതി മനോഹരമായിരിക്കുന്നു
wowwww
നന്നായിരിക്കുന്നു.
ഒഴുക്കുള്ള വായനക്കു വായിക്കാന്‍ പറ്റിയ മൂഢു തരുന്ന പദവിന്യാസം.
നന്നായിരിയ്ക്കുന്നു
ലക്ഷ്മി…
വളരെ നന്നയിരിക്കുന്നു. എഴുതുവാന്‍ മനസ്സു കൊതിക്കുമ്പോഴും വരികളിലും ആശയങ്ങളിലും തുടക്കമോ ഒടുക്കമോ കിട്ടാതെ അലയുന്ന ഈ ശൂന്യത എന്നെയും വേട്ടയാടാറുണ്ട്. ലക്ഷിക്ക് അതു ശക്തമായ ഭാഷയില്‍ നിര്‍വചിക്കന്‍ കഴിഞ്ഞിരിക്കുന്നു.
നന്ദി…
വളരെ ഗാഢവും, മൂര്‍ച്ഛയുള്ളതുമായ വാക്കുകള്‍. പലയിടത്തും വാചകങ്ങളില്‍ പച്ചയായ ഭയപ്പെടുത്തലുകള്‍.
ഞാനിവിടെ ആദ്യായിട്ടാ.
നന്നായിട്ട്ണ്ട്…
സത്യത്തിന്റെ
അതിസുന്ദരമായ മുഖങ്ങളിലൊന്ന്….
Excellent way of writing……..!
good
മനോഹരമായി എഴുതിയിരിക്കുന്നു, നല്ല സുഖമുള്ള വായന
manoharam, valare nannayitndu..
വളരെ നന്നായിരിക്കുന്നു. ചിലപ്പോളൊക്കെ എല്ലാവര്‍ക്കും ഒരു നിരര്‍ത്ഥകതയും ശൂന്യതയും അനുഭവപ്പെടാറുണ്ട്. എന്തായാലും എനിക്കിഷ്ടമായി.
ഒന്നും എഴുതിയില്ല എന്ന പരിഭവം വേണ്ട സേതുലക്ഷ്മി.
കഥയുടെ രൂപമല്ലെങ്കിലും മനസ്സിലെ തിളയ്ക്കുന്ന വന്യതകള്‍ വരികള്‍ ഉള്‍ക്കൊണ്ടിട്ടുണ്ട്.
താഴെയുള്ള വരികള്‍ വളരെ ഇഷ്ടപ്പെട്ടു.
“ചിന്തകളോ വികാരങ്ങളോ ആദര്‍ശങ്ങളോ വടംവലിക്കാനില്ലാത്ത ആ ശൂന്യമായ അന്തരീക്ഷത്തില്‍ “അമൂര്‍ത്തമായ ഒരു അസാന്നിധ്യം” എന്നില്‍ പ്രകടമാവുന്നത് ഞാന്‍ തിരിച്ചറിഞ്ഞു. ഇല്ലായ്മകളില്‍ നിന്ന് പ്രസരിക്കുന്ന നിറവും, വാക്കുകള്‍ കൊണ്ട് മലിനമാവാത്ത സംഗീതവും പോലെ ആ ശൂന്യത എന്നില്‍ തമോഗര്‍ത്തങ്ങള്‍ സൃഷ്ടിച്ചു.“

ഉപാസന
മനോഹരമായിട്ടുണ്ട്.. നല്ല ശൈലി..
ഇനിയും പ്രതീക്ഷിക്കുന്നു
Good and try again.