മദയാനയ്ക്ക് മുന്നിലെ അദ്വൈതം
Posted on 13. Sep, 2008 by സേതുലക്ഷ്മി in Articles
യാദൃശ്ചികമായി ബ്ലോഗുകളില്‍ കണ്ട ചില പോസ്റ്റുകള്‍…! അവയാണ് ഈ കുറിപ്പെഴുതാന്‍ പ്രേരിപ്പിച്ചത്. ആവശ്യത്തിനും അതിലധികവും ചര്‍ച്ചകള്‍ ഇതിനോടകം അദ്വൈതത്തെ കുറിച്ചും ക്വാണ്ഡം ഫിസിക്സിനെ കുറിച്ചും നടന്നു എന്നറിയാം. ആ സ്ഥിതിക്ക് പുതിയ പോസ്റ്റിന് വകയുണ്ടോ എന്ന് പലതവണ ആലോചിച്ചതാണ്. സത്യത്തെ മനസിലാക്കാന്‍ പരിശ്രമിക്കുകയും, ശ്രമിക്കുന്തോറും തോറ്റ് തുന്നമ്പാടുകയും ചെയ്യുന്ന ഒരു ശരാശരി തത്വശാസ്ത്ര വിദ്യാര്‍ത്ഥി എന്ന നിലയില്‍ മനസില്‍ തട്ടിയ ചില കാര്യങ്ങള്‍ മാത്രം കുറിക്കാന്‍ ആഗ്രഹിച്ചു.
അദ്വൈതത്തെ കുറിച്ച് ചിന്തിക്കുമ്പോള്‍ ആദ്യം മനസില്‍ വരുന്നത് എന്‍റെ ഗുരുനാഥന്‍റെ വാക്കുകളാണ്. “അദ്വൈതം എന്ന സിദ്ധാന്തത്തെ മനസിലാക്കുവാന്‍ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ മനുഷ്യന്‍റെ തലച്ചോറ് വികാസം പ്രാപിച്ചിട്ടില്ല.” ഈ വാക്യങ്ങളില്‍ എന്തെങ്കിലും സത്യമുണ്ടോ എന്ന് ഞാന്‍ അന്വേഷിക്കുന്നില്ല. എന്നാല്‍ വാസ്തവം ഇതാണ്, ശങ്കരാചാര്യര്‍ അദ്വൈതം എന്നതുകൊണ്ട് എന്താണ് ഉദേശിച്ചതെന്ന് കൃത്യമായി അറിയണമെങ്കില്‍ അദ്ദേഹം വീണ്ടും ജനിക്കണം. അതുവരെ അദ്വൈതത്തെ കുറിച്ച് പണ്ഡിതന്‍മാര്‍ എഴുതിവച്ചിട്ടുള്ള കമന്‍ററികളെ ആശ്രയിക്കുകയേ നിവര്‍ത്തിയുള്ളൂ. അത്രത്തോളം ആശയക്കുഴപ്പങ്ങളാണ് ഒരു ശരാശരി മനുഷ്യന്‍റെ മുന്നില്‍ ആദിശങ്കരന്‍ ഇട്ടിട്ട് പോയിരിക്കുന്നത്.
അദ്വൈതത്തെ മനസിലാക്കാന്‍ മനുഷ്യന്‍റെ തലച്ചോറ് വികാസം പ്രാപിച്ചിട്ടില്ലെന്ന് ഗുരുനാഥന്‍ പറഞ്ഞുവെന്ന് സൂചിപ്പിച്ചല്ലോ! നമ്മുടെ ചിന്തയെ അതിലംഘിക്കുന്ന എന്തെങ്കിലും അദ്വൈതത്തില്‍ ഉണ്ടോ? ഉണ്ട്. ഉദാഹരണമായി, എന്താണ് മായ? മായയെ “illusion” (മിഥ്യാബോധം, തോന്നല്‍) എന്നൊക്കെ വ്യാഖ്യാനിക്കാമെങ്കിലും, അതിനെ “വെറുമൊരു തോന്നല്‍” മാത്രമായി കാണുന്നതില്‍ വ്യക്തിപരമായി എനിക്ക് വിയോജിപ്പുണ്ട്. ഉപനിഷത്തുക്കള്‍ക്കെല്ലാം കമന്‍ററി എഴുതുകയും ഇന്ത്യന്‍ തത്വചിന്തയ്ക്ക് തനതായ ഭാവവും രൂപവും നല്‍കിയ ആദി ശങ്കരനെ പോലെയൊരാള്‍ “മായ”യില്‍ മാത്രം തെറ്റു കാട്ടുമോ? മദയാനയ്ക്ക് മുന്നില്‍ അദ്വൈതം വെടിഞ്ഞ് ജീവനും കൊണ്ടോടുന്ന ആളാണോ ഈ ആദി ശങ്കരന്‍?
“നേതി നേതി”, “അഹം ബ്രഹ്മാസ്മി” തുടങ്ങിയ അതിസൂഷ്മങ്ങളായ തത്വങ്ങള്‍ വാച്യാര്‍ത്ഥത്തില്‍ മനസിലാക്കിയാലുള്ള അപകടങ്ങള്‍ നിരവധിയാണ്. ദൌര്‍ഭാഗ്യകരമെന്ന് പറയട്ടെ, അഞ്ച് വര്‍ഷത്തെ തത്വശാസ്ത്രപഠനം കൊണ്ട് സമ്പാദിച്ചത് ഒരിക്കലും വിളക്കിച്ചേര്‍ക്കാന്‍ സാധിക്കാത്ത ഒരു പറ്റം സിദ്ധാന്തങ്ങളാണ്. ഈ അപകടങ്ങള്‍ മനസിലാക്കിയതുകൊണ്ടാവാം അദ്വൈതം ഗുരുവിന്‍റെ അധരത്തില്‍ നിന്ന് ശിഷ്യന്‍ പഠിക്കണെമെന്ന് ആദിശങ്കരന്‍ പ്രത്യേകം പറഞ്ഞത്. അങ്ങനെ എനിക്ക് ഒരു ഗുരുവിനെ കിട്ടി, ഛിന്നഭിന്നമായി കിടന്നിരുന്ന ആശയങ്ങളെ വിളക്കിച്ചേര്‍ത്ത എന്‍റെ ഗുരു.
ക്വാണ്ഡം ഫിസിക്സ് ഉപയോഗിച്ച് അദ്വൈതത്തെ പഠിച്ചുകളയാമെന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കില്‍ അത് വ്യാമോഹം മാത്രമാണ്. കൂടുതല്‍ കൂടുതല്‍ സങ്കീര്‍ണ്ണതകളിലേയ്ക്ക് നയിക്കാന്‍ മാത്രമേ അത് ഉപകരിക്കൂ. “സത്യം” ഒരിക്കലും കവലയില്‍ വാങ്ങാന്‍ കിട്ടില്ല, അദ്വൈതവും. സ്വയം ഇറങ്ങിത്തിരിക്കണം. ശാസ്ത്രത്തിന്‍റെ വിജ്ഞാനഭണ്ഡാരങ്ങളെ ഇറക്കിവച്ച്, ശൂന്യമായ മനസോടെ, വെറുതേ ഉള്ളിലേയ്ക്ക് നോക്കിയാല്‍ മതി, സത്യം… ദാ ഇവിടെ, ഈ നെഞ്ചില്‍ തന്നെയുണ്ട്!!!
ബ്രഹ്മനെ സര്‍വവ്യാപിയെന്നോ, സര്‍വജ്ഞാനിയെന്നോ, തരംഗമെന്നോ, കാരണഭൂതനെന്നോ വിളിക്കുന്നതില്‍ തെറ്റില്ല, എന്നാല്‍ ബ്രഹ്മന്‍ എന്നാല്‍ “ഉന്‍മ” (Being, that which exists) മാത്രമാണെന്ന് മറക്കരുത്. ബ്രഹ്മന് എത്രതന്നെ ഗുണവിശേഷങ്ങളും നല്‍ക്കാം, ഏത് പേരിലും വിളിക്കാം. എന്നാന്‍ അടിസ്ഥാനപരമായി ബ്രഹ്മനെ നിര്‍വചിക്കേണ്ടത് “ഉന്‍മ” എന്ന വാക്കില്‍ മാത്രമായിരിക്കണം, അല്ലെങ്കില്‍ കുഴയും. എന്താണ് ഈ ഉന്‍മ? നിലനില്‍ക്കുന്നതെന്തോ അതാണ് ഉന്‍മ. നിലനില്‍ക്കാത്തതായി എന്തെങ്കിലുമുണ്ടോ? അങ്ങനെയൊരു വസ്തുവേയില്ല. യൂണിക്കോണ്‍ എന്ന ജീവി നിലനില്‍ക്കുന്നില്ലല്ലോ എന്ന് നിങ്ങള്‍ ചോദിക്കാം. എപ്പോള്‍ നിങ്ങള്‍ യൂണിക്കോണിനെ കുറിച്ച് ചിന്തിച്ചോ അപ്പോള്‍ തന്നെ യൂണിക്കോണ്‍ ഉന്‍മയായിക്കഴിഞ്ഞു, നിങ്ങളുടെ ചിന്തയില്‍! ശൂന്യത (Nothingness) പോലും ഉന്‍മയാണ്. ഉന്‍മയുടെ പട്ടികയില്‍ നിന്ന് ഒന്നും അന്യമല്ലെന്ന് ചുരുക്കം. അങ്ങനെയെങ്കില്‍, ഉന്‍മ മാത്രമായ ബ്രഹ്മന്‍ എല്ലാമാണ്. ബ്രഹ്മന്‍ എല്ലാ ഗുണങ്ങളും സ്വീകരിക്കുന്നു, സഗുണബ്രഹ്മനാകുന്നു. “Everything Is Brahman.” ഈ അര്‍ത്ഥത്തില്‍ പ്രപഞ്ചത്തിലെ എല്ലാ വസ്തുക്കളും ബ്രഹ്മനനാണ്. പട്ടിയും പൂച്ചയും മനുഷ്യനും കോഴിയും മരവും താരവും എല്ലാം. ഇവിടെയാണ് “അഹം ബ്രഹ്മാസ്മി” കടന്നുവരിക. ഇനി പ്രത്യേകം ഒരു കാര്യം!!! എല്ലാം ബ്രഹ്മമാണെന്ന് പറയുന്നതും, എല്ലാറ്റിലും ബ്രഹ്മനുണ്ടെന്ന് പറയുന്നതും രണ്ടും രണ്ടാണ്. എന്താണ് വ്യത്യാസമെന്ന് സ്വയം ചിന്തിക്കാം…!
ബ്രഹ്മന്‍ എല്ലാമാണെന്ന് പറഞ്ഞല്ലോ! അതേ സമയം, ബ്രഹ്മന്‍ ഒന്നുമല്ല. ഏതെങ്കിലും ഗുണം കൊണ്ട് ബ്രഹ്മനെ നിര്‍വചിക്കാന്‍ ശ്രമിച്ചാല്‍ അത് ബ്രഹ്മനെ പരിമിതപ്പെടുത്തുന്നതായിത്തീരുമെന്നതാണ് അതിന് കാരണം. പട്ടിയും പൂച്ചയും ബ്രഹ്മനാണെന്ന് പറഞ്ഞെല്ലോ! അതുകൊണ്ട് പട്ടിയെയും പൂച്ചയെയും ബ്രഹ്മന്‍ എന്ന് വിളിക്കാമോ? അയല്‍പ്പക്കത്തെ രാധാകൃഷ്ണന്‍ ബ്രഹ്മനാണ്, അതുകൊണ്ട് അടുത്ത തവണ കാണുമ്പോള്‍ രാധാകൃഷ്ണനെ “എടാ ബ്രഹ്മാ!” എന്ന് വിളിക്കാമോ? പറ്റില്ല. ബ്രഹ്മന്‍ എല്ലാറ്റിനും അതീതനാണ്. ഒരു ഗുണവിശേഷതയും ബ്രഹ്മന് ചേര്‍ന്നതാവില്ല. ബ്രഹ്മന്‍ അതിനും അതീതനാണ്, നിര്‍ഗുണനാണ്. ബ്രഹ്മന്‍ ഉന്‍മയും “ശൂന്യത”യുമാണ് (താവേയിസത്തില്‍ ഇതിനെ കുറിച്ച് പരാമര്‍ശമുണ്ടെന്ന് തോന്നുന്നു!). അതുകൊണ്ടാണ് ആദിശങ്കരന്‍ ബ്രഹ്മനെ “നേതി നേതി” എന്ന് പറഞ്ഞത്.
ബ്രഹ്മന്‍ “എല്ലാമാണെന്നും” പിന്നെ “ഒന്നുമല്ലെന്നും” പറഞ്ഞു. ഇതാണ് വൈരുദ്ധ്യം!!! ഈ വൈരുദ്ധ്യത്തെ അതിജീവിക്കാന്‍ സയന്‍സിന് കഴിയില്ല. നിര്‍ഗുണ ബ്രഹ്മനില്‍ നിന്ന് സഗുണ ബ്രഹ്മനിലേയ്ക്കുള്ള മാറ്റം, അതിനെ “സൃഷ്ടി” എന്നോ “ലീല” എന്നോ പറയുന്നതില്‍ തെറ്റില്ല. “സൃഷ്ടി”, “ലീല” എന്നിവയ്ക്ക് കൂടുതല്‍ വിവരണം ആവശ്യമായതിനാല്‍ അതിലേയ്ക്ക് തിരിയുന്നില്ല, പിന്നീട് നാം അതിലേയ്ക്ക് വരുന്നുണ്ട്. തല്‍ക്കാലം മറ്റൊരു കാര്യത്തിലേയ്ക്ക് ശ്രദ്ധ തിരിക്കാം…
നിങ്ങളുടെ കയ്യില്‍ ഒരു പേനയിരിക്കുന്നു എന്ന് കരുതുക…. ഞാന്‍ ചോദിക്കുകയാണ്, നിങ്ങളുടെ കൈയ്യിലിരിക്കുന്നത് എന്താണ്? എന്‍റെ കൈയ്യിലിരിക്കുന്നത് ബ്രഹ്മനാണെന്ന് നിങ്ങള്‍ പറഞ്ഞാന്‍ അസ്ഥിത്വപരമായി ഉത്തരം കിറുകൃത്യം, പേനയെന്ന് പറഞ്ഞാലും ഉത്തരം തെറ്റല്ല, എന്നാല്‍ ഉത്തരം ശരിയല്ല എന്ന് വേണം പറയാന്‍. കാരണം, ഉന്‍മ മാത്രമായ ബ്രഹ്മനെ മാറ്റിനിര്‍ത്തി പേനയ്ക്ക് സ്വന്തമായി ഒരു നിലനില്‍പ്പില്ല. ബ്രഹ്മനില്ലാതെ പേനയില്ല. പക്ഷേ, ഈ പേന എന്‍റെ കൈയ്യിലുണ്ടെല്ലോ? അത് ശരിക്കും പേനയല്ലേ? അതെ! അത് പേന തന്നെയാണ്, “പേനയായി കാണപ്പെടുന്നു, ബ്രഹ്മനില്‍ നിന്ന് വ്യത്യസ്തമായ ഒന്നായി.” ഇതാണ് ശരിക്കും പറഞ്ഞാല്‍ “മായ”. ഇതിന്‍റെ അര്‍ത്ഥം പേന നിലനില്‍ക്കുന്നില്ല എന്നല്ല. പേനയ്ക്ക് നിലനില്‍പ്പുണ്ട്. ഇവിടെയാണ് “ബുദ്ധി” എന്ന ഘടകം വരിക.
മനുഷ്യന്‍ ബുദ്ധിയുള്ള മൃഗമാണെന്നാണെല്ലോ! ബുദ്ധിയിലൂടെ മാത്രമേ മനുഷ്യന് ചിന്തിക്കാനാവൂ. ബുദ്ധി എന്ന ഉപകരണത്തിലൂടെ (faculty) ചിന്തിക്കുമ്പോള്‍, അയലത്തെ രാധാകൃഷ്ണനെ ഒരു കാലത്തും ബ്രഹ്മനെന്ന് വിളിക്കാന്‍ കഴിയില്ല. ബുദ്ധിയെ ഞാന്‍ എന്ന ഭാവമെന്നാണ് ശരിക്കും പറയേണ്ടത്. ബുദ്ധിയാണ് “ഞാന്‍” ബോധം നിരന്തരം നമ്മില്‍ ഉണ്ടാക്കുന്നത്. ഈ ബോധം എല്ലാം വ്യത്യസ്തമാണെന്നും രാധാകൃഷ്ണന്‍ രാധാകൃഷ്ണന്‍ മാത്രമാണെന്നും പേന പേന മാത്രമാണെന്നും നമ്മോട് പറഞ്ഞുകൊണ്ടിരിക്കും. അവിടെ ബ്രഹ്മനില്ല, ഞാനും പേനയും രാധാകൃഷ്ണനും മാത്രം. ബുദ്ധി ഭൌതീകമായ പരിമിതികളില്‍ നിന്ന് പ്രവര്‍ത്തിക്കുന്നതുകൊണ്ടാണ് അങ്ങനെ “തോന്നാന്‍” കാരണം. ഇത് മനുഷ്യ സഹജവുമാണ്. ബുദ്ധി എന്ന ചട്ടകൂടിനെ ഭേദിച്ച് എന്ന് ഒരാള്‍ പുറത്ത് വരുമോ, അന്ന് അയാള്‍ക്ക് “ഉന്‍മ” എന്നാണ് എന്ന് മനസിലാവുന്നതാണ്. ഇതിനെ മോക്ഷമെന്നോ സാക്ഷാത്ക്കാരമെന്നോ വിളിക്കാം. ജീവിച്ചിരിക്കുന്ന ഒരാള്‍ക്ക് തന്നെ ബുദ്ധിയുടെ ചങ്ങലകളെ പൊട്ടിച്ചെറിയാന്‍ കഴിയും. രാമകൃഷ്ണപരമ ഹംസന്‍, ചട്ടമ്പിസ്വാമികള്‍, ശ്രീ നാരായണ ഗുരു ഇവരെല്ലാം പുറത്ത് കടന്നവര്‍!
ഇനി പറയാം, അദ്വൈതിയുടെ മുന്നില്‍ ആനയുണ്ടോ? ആനയുണ്ട്, അദ്വൈതി ബുദ്ധി എന്ന ചട്ടക്കൂടില്‍ ഉള്ളിടത്തോളം കാലം. ബുദ്ധിയുടെ ചട്ടകൂടില്‍ നിന്ന് പുറത്ത് വരുന്നതിന് ദൃഷ്ടാന്തം വേണമെങ്കില്‍ സെന്‍ കഥകള്‍ വായിച്ചാല്‍ മതിയാവും.
ബുദ്ധിയെ പരിമിതപ്പെടുന്നത് വിഷയങ്ങള്‍ രണ്ടാണ്, സ്ഥലവും കാലവും (Time and space). സ്ഥലത്തിനും കാലത്തിനും ഉള്ളില്‍ നിന്ന് ചിന്തിക്കുന്നതുകൊണ്ടാണ് നമുക്ക് തെറ്റ് സംഭവിക്കുന്നത്. സ്ഥലകാലബന്ധിതമല്ലാതെ പ്രവര്‍ത്തിക്കാന്‍ മനുഷ്യമസ്തിഷ്ക്കത്തിന് കഴിയാത്തതിനാലാവാം അദ്വൈതം എന്ന സിദ്ധാന്തത്തെ മനസിലാക്കുവാന്‍ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ മനുഷ്യന്‍റെ തലച്ചോറ് വികാസം പ്രാപിച്ചിട്ടില്ല എന്‍റെ ഗുരുനാഥന്‍ എന്ന് അഭിപ്രായപ്പെട്ടത്. ബുദ്ധിയെ അതിലംഘിക്കുകയെന്നാല്‍ സ്ഥലത്തെയും കാലത്തെയും അതിലംഘിക്കുക എന്ന് തന്നെയാണ് അര്‍ത്ഥം.
തന്മാത്രക്കും, ഇലക്ട്രോണിനും മാത്രമല്ല എല്ല പദാര്‍ത്ഥങ്ങള്‍ക്കും തരംഗ സ്വഭാവം ഉണ്ടെന്നും പിണ്ഡം കുറയുന്നതിനനുസരിച്ച് ഈ തരംഗസ്വഭാവം കൂടുമെന്നും ഡീ ബ്രോഗ്ലീയുടെ മാറ്റര്‍ വേവ് സിദ്ധാന്തം (λ =h/p) പറയുന്നു. പിണ്ഡമേ ഇല്ലാത്ത അവസ്ഥ പരബ്രഹ്മമാണെന്നും താരതമ്യം ചെയ്യപ്പെടുന്നു. തത്വശാസ്ത്രപരമായി ചിന്തിച്ചാല്‍ ഈ വാദത്തില്‍ കഴമ്പുണ്ട്. അതായത്, പിണ്ഡം (Mass) ഇല്ലാതാവുക എന്ന് പറഞ്ഞാല്‍ ഊര്‍ജം മാത്രമാകുന്ന അവസ്ഥ സംഭവിക്കാവുന്നതേയുള്ളൂ. മുമ്പ് പറഞ്ഞതുപോലെ, ഭൌതീകമായ കെട്ടുപാടില്‍ നിന്ന് മനസ് വിമുക്തമായാല്‍ (പ്രത്യേകിച്ച് ധ്യാനത്തിലൂടെ) മനുഷ്യന് അത്ഭുതം തന്നെ കാണിക്കാന്‍ സാധിക്കുമെന്നതിന് തെളിവുകളുണ്ട്. നമ്മില്‍ത്തന്നെ അന്തര്‍ലീനമായി കിടക്കുന്ന ഊര്‍ജ്ജം സ്വതന്ത്രമാക്കപ്പെടുകയും, സ്ഥലകാല പരുധികളെ അധിലംഘിക്കപ്പെടുകയും, മനസ് അതിശക്തമായി പ്രതികരിക്കാന്‍ തുടങ്ങുകയും ചെയ്യും. ഇവിടെ ഒരാള്‍ (മനസ്) കൈവരിക്കുന്ന ശക്തി അപാരമാണ്. എന്നാല്‍ ഈ പ്രതിഭാസത്തെ താത്വികമായി തന്നെ കാണുന്നതാണ് ആരോഗ്യകരം. പിണ്ഡം, തരംഗ ദൈര്‍ഘ്യം, പ്രവേഗം എന്നീ പദങ്ങളെ ഊര്‍ജ്ജതന്ത്രത്തിന്‍റെ സമവാക്യങ്ങളില്‍ നിര്‍ത്താനേ പാടില്ല. അല്ലെങ്കില്‍ കുഴയും.
“സൃഷ്ടി” എന്നും “ലീല” എന്നും മുകളില്‍ പറഞ്ഞു വച്ചത് ഓര്‍ക്കുകല്ലോ! പരബ്രഹ്മം പ്രപഞ്ചമായി പരിണമിക്കുന്ന രഹസ്യാത്മക പ്രതിഭാസത്തെയാണ് സൃഷ്ടി എന്നോ ലീലയെന്നോ പറയുന്നത്. ഇതിനെ വിവിധ മതങ്ങള്‍ വിവിധ തരത്തിലാണ് വ്യാഖ്യാനിക്കാറ്. ക്രിസ്ത്യാനികള്‍ ഇതിനെ സ്നേഹം (Will of God) എന്ന് (അതായത് ദൈവത്തിന്‍റെ സ്നേഹത്തില്‍ നിന്നും സൃഷ്ടിയുണ്ടായി) പറയാറുണ്ട്. അത് എന്ത് തന്നെയായാലും, നാദബ്രഹ്മം സ്വയം അവതരിക്കുന്നു, അതാണ് സൃഷ്ടി. പിണ്ഡം ഇല്ലാതാകുന്ന ഒരു വസ്തു ഊര്‍ജ്ജം മാത്രമാവുന്നതുപോലെ, തിരിച്ച്, അതായത് ഊര്‍ജ്ജം മാത്രമായ ബ്രഹ്മന്‍ പിണ്ഡം പ്രാപിക്കുന്നതായിരിക്കില്ലേ ഈ സൃഷ്ടി എന്നത്???
ഇതേ രീതിയില്‍ തന്നെ, ക്രിസ്ത്യാനികളുടെ ത്രീത്വം (Trinity) എന്ന ദൈവ സങ്കല്‍പ്പത്തെയും വിവരിക്കാന്‍ കഴിയും. ത്രീത്വത്തെ കുറിച്ചുള്ള അക്വീനാസിന്‍റെ പുസ്തകം പണ്ട് വായിച്ചിരുന്നു. ഇപ്പോഴുള്ള ഓര്‍മ്മ വച്ച് നോക്കുമ്പോള്‍, ഹിന്ദുമതത്തിലെ ലീല എന്ന ആശയവും ക്രിസ്ത്യന്‍ തത്വശാസ്ത്രത്തിലെ സൃഷ്ടി എന്ന ആശയവും തമ്മില്‍ യാതൊരു വ്യത്യാസവുമില്ല. എന്നാല്‍ ത്രീത്വത്തെ ത്രിമൂര്‍ത്തികളുമായി താരതമ്യം ചെയ്യുന്നത് ഇത്ര കൃത്യമാവുന്നതായി തോന്നിയിട്ടില്ല.
നൂറ് കൂട്ടം കാര്യങ്ങള്‍ എഴുതണമെന്നുണ്ട്. എത്രമാത്രം എഴുതി എന്നതില്‍ കാര്യമില്ലല്ലോ! നിര്‍ത്തുന്നതിന് മുമ്പ്, ഈ കുറിപ്പ് എന്‍റെ വ്യക്തിപരമായ ധ്യാനമാണ്, പലതും കേട്ടും കണ്ടും ഗ്രഹിച്ചവ. സാങ്കേതികമായ പിഴവുകള്‍ കണ്ടേക്കാം. ഊര്‍ജ്ജതന്ത്രപരമായി വിവരമില്ലാത്തതുകൊണ്ടാവും അവ സംഭവിച്ചത്.
Related Posts:
- ബ്ലോഗുകളെ പിന്തുടരാന്…
- ധ്യാനത്തിന്റെ ദോഷവശങ്ങള്‍
- അധര വ്യായാമം ഇംഗ്ലീഷ് ഭാഷയ്ക്ക്
- ഇംഗ്ലീഷ് പഠിക്കാനൊരു സൂത്രപ്പണി
- നമുക്ക് സ്വപ്നങ്ങളെ വ്യാഖ്യാനിക്കാം

ലക്ഷ്മിക്കുട്ടി! വായിച്ചു. പക്ഷെ ആദി ശങ്കരന്‍ പറഞ്ഞതു പോലെ തന്നെ.. മനസിലാകാന്‍ കുറച്ചു വിഷമം തോന്നിപ്പോകുന്നു. ഒന്നുകൂടി ശ്രമിക്കാം. പോരെ! നല്ല ഒരു പോസ്റ്റ് വായിച്ച പ്രതീതി.. നന്ദി. കുഞ്ഞുബി
സേതു ലക്ഷ്മീ..ഞാനും വായിച്ചു.പക്ഷേ ഒറ്റ വായനയില്‍ ദഹിക്കാന്‍ അലപം പ്രയാസമായീ..ഒന്നു കൂടി വരുന്നുണ്ട് ഞാന്‍.മനസ്സിരുത്തി വായിക്കാന്‍
ഒത്തിരി ഹോംവര്‍ക്ക് ചെയ്ത് പബ്ലിഷ് ചെയ്ത ഒരു പോസ്റ്റ് ആണല്ലോ..ആശംസകള്‍
ഭൂലോകത്തും ബ്ലോഗ്ലോകത്തുമുള്ള സര്‍വ ചരാചരങ്ങള്‍ക്കും എന്റെ ഓണാശംസകള്‍
വായിച്ചു..പക്ഷെ വിലയിരുത്താ൯ ഒന്നുകൂടി വായിക്കേണ്ടതുണ്ട്.ആശയങ്ങളിൽ പലതും നല്ലതാണെന്ന് തോന്നുന്നു.
സംഗതി കൊള്ളാം കേട്ടോ, വയിച്ചപ്പോൾ., ചോദ്യങ്ങൾക്കുമേൽ ചോദ്യങ്ങളായി….. ശരിക്കും പറഞ്ഞാൽ മനസ്സിനെ മൊത്തത്തിൽ ഒന്നു കലക്കി ഇനി ഇത് തെളിയണമെങ്കിൽ അന്വേഷണം മാത്രമേ ഏകവഴി… ഗുരുവേ നമ:,
Very interesting post
Space and Time begun soon after the ‘bigbang’.
All physical laws applicable within this space-time boundary only.
Beyond Big Bang there was a ’singularity’ where our known laws are not applicable at all. Singularity is an infinitesimal point with out space and with infinite mass which is beyond our imagination.
At that point ‘it seems to be an ‘Advaita’ means only a singualrity or ‘Brahman’ there. But within the space and time I think everything is real and follows physical laws.
As you rightly pointed out we are thinking from the constaints of space and time. It is just like a blind person seeing an seeing an elepheant. Isnt it?
“ബ്രഹ്മന് എല്ലാമാണെന്ന് പറഞ്ഞല്ലോ! അതേ സമയം, ബ്രഹ്മന്‍ ഒന്നുമല്ല. ”
ബ്രഹ്മൻ പട്ടിയാണ് ,പൂച്ചയാണ്, രാധാകൃഷ്ണനാണ്. അതേ സമയം ഇവയൊന്നുമല്ല.
എന്താണ് സയൻസിന് അതിജീവിക്കാൻ പറ്റാത്ത ഈ വൈരുദ്ധ്യം കൊണ്ട് സാക്ഷാൽ അർഥമാക്കുന്നത് എന്ന് മനസ്സിലാക്കാൻ ആഗ്രഹമുണ്ട്
ത്രിത്വവുമായുള്ള ബന്ധത്തെകുറിച്ച് പറഞ്ഞല്ലോ. ഒന്ന് കൂടി വ്യക്തമാക്കാമോ?
നല്ല ശ്രമം.. അഭിനന്ദനങ്ങൾ
hell-o chechi enikku onnum manasilakuknnila, ithu enthu basha????????????
life never ends for a day…….. this is true…….
NANNAYI AVATHRIPPICHU, Basha nalla bangi undu . yeganaya(ONLE ONE) daivam thanna E ANUGRAHAM yathartha (marikkatha) Daivathay kurich padikkanum padippikkanum shramichal sure u will PASS
u just more learn in ISLAM
ella Questionsinum(samshyangalkkum) ISLAM valaray bangiyayi answer cheyyunnundu. Coz daivika vajanangalay daivam yannum nilanirthum
predict cheyyathay Daivathay dyanich(prarthich) onnu padikkan shramichu nokkuooo
(sathyam) ningalkku mugalil paranja LIFE vijayikkan sadikkum
THIS IS TRUE
jaba jaba jaba… onnum manassilaayilla!
Dear readers,
If you do not understand anything about the article, it shows that you least know about the Advaithic and vedic teachings of India.
നന്നായി…വീണ്ടും പ്രതീക്ഷിക്കുന്നു!
Good.Bramha is the only truth. all other including this visible universe are MAYA.The ONE beyond time,space and speed is Bramha.Iam Bramha but not my body not my mind,not my intuluct.For Bramha no starting and no ending but only existance
എല്ലാം ബ്രഹ്മമാണെന്ന് പറയുന്നതും,
എല്ലാറ്റിലും ബ്രഹ്മനുണ്ടെന്ന് പറയുന്നതും രണ്ടും രണ്ടാണ്
ത്രീത്വം : ദൈവം ഒന്നെ ഉള്ളു, ആ ഒന്നില്‍ മൂന്ന് ഭാവങ്ങള്‍
പിതാവ്[ദൈവം]പുത്രന്‍[വചനം] പരിശുദ്ധാരൂപി[തേജസ്]
പുത്രന്‍ പിറന്നതൂ രക്തതില്‍ നിന്നോ ജഡാഭിലാഷത്തില്‍ നിന്നൊ അല്ല്..
വചനം മാംസമായി! അതികൊണ്ടാണ്‍ പുത്രന്‍ – വചനംഎന്ന് പറയുന്നത്.
ദൈവത്തില്‍ നിന്നുള്ള തേജസ് അഥവ വെളിച്ചം വെളിവ് ആണ് പരിശുദ്ധാരൂപീ
അങ്ങനെ ഏകദൈവം ദൈവ വചനം ദൈവ തേജസ്, ഇവ ഒന്നായിരിക്കുന്നു.
വായിച്ചു.. എന്നെകൊണ്ടു ഗ്രഹിക്കവുന്ന വിഷയമല്ല..
ലേഖനം കൊള്ളാം..
എല്ലാം മനസ്സിലായി ..പൂര്‍ണമായിത്തന്നെ ..അത്രത്തോളം പ്രധാനമാണ് ..ഒന്നും മനസ്സിലാകാതിരിക്കുന്നതും …രണ്ടും പൂര്‍ണമായി സംഭവിച്ചിരിക്കുന്നു ഒന്നിന് ശേഷം രണ്ടാമത്തേത് ..
I am trying to underastand adwaitham.But couldn’t ,But it is true that ,there are lot more things that our mind cant think.There is a limit for us to Think
Very interesting blog, but you must improve your header graphics.